വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍. ഐഎന്‍ടിയുസി പ്രാദേശിക നേതാവായ ഉണ്ണിയാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മദപുരത്തെ മലയുടെ മുകളില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇവിടെ നിന്നാണ് പിടിയിലായത്. രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര് നേരത്തെ അറസ്റ്റിലായിരുന്നു. കേസില്‍ അറസ്റ്റിലായ നാല് പ്രതികളും റിമാന്‍ഡിലാണ്.
ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഇരട്ടക്കൊലക്ക് പിന്നിലെ കാരണം രാഷ്ട്രീയ വൈരാഗ്യം തന്നെയെന്നാണ് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശത്തിലുണ്ടായ സംഘർഷമാണ് തുടക്കം. ഇതേ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകനായ ഫൈസലിന് നേരെ മെയ് മാസത്തിൽ വധശ്രമമുണ്ടായി. സജീവ്,അജിത്ത്,ഷിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ഈ കേസിൽ അറസ്റ്റിലായതിന്‍റെ വൈരാഗ്യത്തിലാണ് ഇതേ പ്രതികൾ തന്നെ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും കൊലപ്പെടുത്തിയത്.
ഫൈസലിന് എതിരായ ആക്രമണം ഒത്തുതീർക്കാൻ ഹഖ് കൂട്ടാക്കിയിരുന്നില്ല. കേസിൽ നിന്നും പിന്മാറാൻ പ്രതികൾ പലതവണ പ്രകോപനമുണ്ടാക്കി. പുല്ലമ്പാറ മുത്തിക്കാവിലെ ഫാം ഹൗസിൽ വെച്ചായിരുന്നു ഗൂഡാലോചന. രണ്ട് പേരുടെയും ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ഇരുവര്‍ക്കും വടിവാൾ കൊണ്ടുള്ള വെട്ടുമേറ്റിരുന്നു.











