വാക്‌സിൻ വരുന്നതുവരെ സോഷ്യൽ വാക്‌സിൻ എന്ന തരത്തിൽ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബ്രേക്ക് ദി ചെയിൻ പോലെ സോഷ്യൽ വാക്‌സിനാണ് നാം ഇപ്പോൾ ഫലവത്തായി നടപ്പാക്കേണ്ടത്. അടുത്ത 14 ദിവസം നാം വലിയ ജാഗ്രത പുലർത്തണം. പുതിയ ക്ലസ്റ്ററുകൾ ഉണ്ടാവാനും ശക്തമായ വ്യാപനത്തിനുമുള്ള സാധ്യത മുന്നിൽ കണ്ട് വേണം ജാഗ്രത പുലർത്തേണ്ടത്.
ഓണാവധിക്കാലത്ത് നമ്മുടെ മാർക്കറ്റുകളും പൊതുസ്ഥലങ്ങളും സജീവമായിരുന്നു. ജനങ്ങൾ തമ്മിലുള്ള സമ്പർക്കത്തിന്റെ തോത് വർധിച്ചിട്ടുണ്ട്. ആളുകൾ കൂടുതലായി ഓണാഘോഷത്തിന് നാട്ടിലെത്തിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലമായി രോഗവ്യാപനം വർധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകാൻ ഇനിയും ദിവസങ്ങളെടുക്കും.
കോവിഡിനൊപ്പം ജീവിതം കൊണ്ടു പോവുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇളവുകൾ കൂടുതലായി നൽകുന്നത്. ഇളവുകൾ ഉള്ളപ്പോൾ തന്നെ വ്യക്തിപരമായി ജാഗ്രതയും നമ്മൾ വർധിപ്പിക്കണം. ലോക്ക്ഡൗൺ നാലാംഘട്ട ഇളവുകൾ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കാലത്തും അടച്ചിട്ടുപോകാനാവില്ല. സംസ്ഥാനവും ഉചിതമായ രീതിയിൽ ഇളവുകൾ നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ ഓരോരുത്തരുടെയും വ്യക്തിപരമായ ചുമതലയായി കോവിഡ് പ്രതിരോധം മാറുകയാണ്.