മുംബൈ: ശക്തമായ ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി വിപണി ഇന്ന് നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 95 പോയിന്റ് ഇടിഞ്ഞ് 38,990 പോയിന്റില്‍ ക്ലോസ് ചെയ്‌തു. വ്യാപാരവേളയിലൂടനീളം കടുത്ത ചാഞ്ചാട്ടമാണ് വിപണിയില്‍ ദൃശ്യമായത്.
നിഫ്‌റ്റി ഏഴ് പോയിന്റ് ഇടിഞ്ഞ് 11,527 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 11, 584 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്നിരുന്നെങ്കിലും ഈ നിലവാരത്തിലുള്ള സമ്മര്‍ദം ഭേദിക്കാനാകാതെ വിപണി താഴേക്കിറങ്ങി. 11,500 പോയിന്റിന് താഴേക്ക് വിപണി ഇടിഞ്ഞതുമില്ല.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 27 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 23 ഓഹരികള്‍ ഇടിവ് നേരിട്ടു. ഇന്‍ഫ്രാടെല്‍, ഗ്രാസിം ഇന്റസ്‌ട്രീസ്, ടൈറ്റാന്‍, യുപിഎല്‍, വിപ്രോ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ഇന്‍ഫ്രാടെല്‍ 10.89 ശതമാനം ഉയര്‍ന്നു. ഗ്രാസിം 7.16 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. ടൈറ്റാന്‍ ആറ് ശതമാനം മുന്നേറി.
ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, കോട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ എന്നിവയാണ് നിഫ്‌റ്റിയില്‍ ഏറ്റവും നഷ്‌ടമുണ്ടാക്കിയ ഓഹരികള്‍. ഐസിഐസിഐ ബാങ്ക് 2.10 ശതമാനം നഷ്‌ടം നേരിട്ടു.
ബാങ്ക് ഓഹരികള്‍ പൊതുവെ ഇന്ന് നഷ്‌ടത്തിലായിരുന്നു. നിഫ്‌റ്റി ബാങ്ക് സൂചിക 1.44 ശതമാനം ഇടിഞ്ഞു. നിഫ്‌റ്റി ബാങ്ക് സൂചികയില്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് മാത്രമാണ് നേട്ടത്തിലായത്.
എഫ്‌എംസിജി, ഐടി, ഫാര്‍മ ഓഹരികള്‍ നേട്ടമുണ്ടാക്കി. അതേ സമയം മെറ്റല്‍ ഓഹരികള്‍ സമ്മര്‍ദം നേരിട്ടു.




















