ഫേസ്ബുക്കിന്‍റെ ബിജെപി അനുകൂല നിലപാടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്‍റെ അടിസ്ഥാനത്തില്‍ ഫേസ്ബുക്ക് ഇന്ത്യയുടെ മേധാവി അജിത് മോഹന്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി. മൂന്നര മണിക്കൂറോളം നീണ്ടുനിന്ന യോഗത്തില്‍ സംഭവുമായി ബന്ധപ്പെട്ട 90 ചോദ്യങ്ങളാണ് ഐടി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഫേസ്ബുക്ക് എക്‌സ്‌ക്യൂട്ടീവിനോട് ചോദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സുതാര്യമായ ഒരു വേദിയാകാന്‍ ഫേസ്ബുക്ക് പ്രതിജ്ഞാബദ്ധമാണ് എന്നാണ് അജിത് മോഹന്‍ പ്രതികരിച്ചത്. തങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്‌വില്ലെന്നും ഫേസ്ബുക്ക് മേധാവി പറഞ്ഞു. പാര്‍ലമെന്ററി കമ്മിറ്റിയുടെ സമയത്തിന് തങ്ങള്‍ നന്ദി പറയുന്നു. തുറന്നതും സുതാര്യവുമായ ഒരു വേദിയാകാനും ആളുകളെ സ്വതന്ത്രമായി സ്വയംപ്രകടിപ്പിക്കുവാന്‍ അനുവദിക്കാനും ഫേസ്ബുക്ക് പ്രതിജ്ഞാബദ്ധരാണെന്നും ഫേസ്ബുക്ക് പ്രസ്താവനയില്‍ അറിയിച്ചു.
ഫേസ്ബുക്കിനെതിരെയുള്ള ആരോപണം പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് ശശി തരൂര്‍ അധ്യക്ഷനായ ഐടി പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്ക് ഇന്ത്യയുടെ മേധാവിയുമായി മൂന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയെന്നും ഫേസ്ബുക്ക് പ്രതിനിധികളുള്‍പ്പെടെ ചര്‍ച്ച പിന്നീട് പുനരാരംഭിക്കാന്‍ ഏകകണ്ഠമായി സമ്മതിച്ചെന്നും ശശി തരൂര്‍ പറഞ്ഞു.
അതേസമയം, ഫേസ് ബുക്കിന്റെ വിശദീകരണത്തില്‍ സമിതി തൃപ്തരല്ലെന്നാണ് സൂചനകള്‍. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് വിദ്വേഷ പ്രചരണ പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബിജെപി നേതാക്കള്‍ക്കു വേണ്ടി ഫേസ്ബുക്ക് ഇന്ത്യ മാറ്റുന്നെന്ന് പുറത്തു വന്ന റിപ്പോര്‍ട്ടുകൾ.
അതേസമയം ഫേസ്ബുക്ക് പ്രതിനിധികള്‍ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണം നിഷേധിച്ച് ഇന്ത്യയിലെ ഫേസ്ബുക്ക് മേധാവി അജിത് മോഹന്‍. ഫേസ്ബുക്ക് നിലപാടുകള്‍ നിഷ്പക്ഷമാണെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക ചായ്‌വ് കാട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂര്‍ അദ്ധ്യക്ഷനായ സമിതിക്ക് മുന്നിലാണ് അജിത് മോഹന്‍ ഫേസ്ബുക്ക് നിലപാട് വ്യക്തമാക്കിയത്. ഫേസ്ബുക്ക് ഇന്ത്യയുടെ പോളിസി മേധാവി അംഖി ദാസ് 2014-ൽ എൻഡിഎയുടെ വിജയത്തിന് പിന്നാലെ, ”മോദിയുടെ വിജയത്തിന് നമ്മൾ തിരി കൊളുത്തി, ബാക്കിയുള്ളത് ചരിത്രമായിരുന്നു. മുപ്പത് വർഷം വേണ്ടി വന്നു, ഇന്ത്യയിലെ സ്റ്റേറ്റ് സോഷ്യലിസത്തിന്‍റെ വേര് പിഴുതെറിയാൻ”, എന്ന് ഫേസ്ബുക്കിലെ സ്റ്റാഫിന്‍റെ ആഭ്യന്തരഗ്രൂപ്പിൽ എഴുതിയെന്ന് വാൾ സ്ട്രീറ്റ് ജേണലിന്‍റെ ജെഫ് ഹോർവിറ്റ്‍സും, ന്യൂലി പുർനെലും പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ വാൾ സ്ട്രീറ്റ് ജേണൽ പുറത്തുവിട്ട റിപ്പോർട്ടുകൾ അടക്കം, ഫേസ്ബുക്കിന്‍റെ നിഷ്പക്ഷത ചോദ്യം ചെയ്യുന്ന റിപ്പോർട്ടുകളെല്ലാം ഫേസ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹൻ തള്ളിക്കളഞ്ഞു. ഫേസ്ബുക്കിന്‍റെ നിലപാട് നിഷ്പക്ഷമാണ്. ഒരു രാഷ്ട്രീയപാർട്ടിയോടും ഫേസ്ബുക്ക് ചായ്‍വ് കാണിച്ചിട്ടില്ലെന്നും അജിത് മോഹൻ സമിതിക്ക് മുമ്പാകെ പറഞ്ഞു.
സമിതിക്ക് മുമ്പാകെ കേന്ദ്ര ഐടി മന്ത്രാലയവക്താക്കളോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 30 അംഗങ്ങളാണ് ഈ പാർലമെന്‍ററി പാനലിലെ അംഗങ്ങൾ. ഇതിൽ 15 പേർ ബിജെപി അംഗങ്ങളോ, സഖ്യകക്ഷികളിൽ നിന്നുള്ളവരോ ആണ്. തൃണമൂൽ, ഡിഎംകെ, ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ്, സിപിഎം എന്നീ പാർട്ടികൾക്ക് ഓരോ എംപിമാരും സമിതിയിലുണ്ട്.



















