വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്കു താനുമായി ബന്ധമുണ്ടെന്ന മന്ത്രി ഇ പി ജയരാജന്റെ ആരോപണത്തിനു മറുപടിയുമായി അടൂര്‍ പ്രകാശ് എംപി. മന്ത്രി വെറും സിപിഎമ്മുകാരനായാണു സംസാരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
പ്രതികളെ രക്ഷപ്പെടുത്താന്‍ താന്‍ ഇടപെട്ടിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പോലീസ് അറസ്റ്റ് ചെയ്തെന്നു പ്രാദേശിക നേതാക്കള്‍ പറഞ്ഞാല്‍ ഇടപെടുന്നതു തന്റെ കടമയാണ്. ജയരാജന്‍ കാടടച്ചു വെടിവയ്ക്കരുത്. ഉന്നയിക്കുന്ന ആരോപണം തെളിയിക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹം കാട്ടണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.
സംഭവമുണ്ടായ ശേഷം കൊലയാളികള്‍ ഈ വിവരം അറിയിക്കുന്നത് അടൂര്‍ പ്രകാശിനെയാണെന്നാണ് ജയരാജന്‍ ആരോപിച്ചത്. സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. കോണ്‍ഗ്രസ് കൊലപാതകം ആസൂത്രണം ചെയ്യുകയാണ്. കോണ്‍ഗ്രസിെന്റ ചരിത്രം അതാണെന്നും മന്ത്രി പറഞ്ഞു. യു.ഡി.എഫ് ഘടക കക്ഷികളെല്ലാം ഈ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നിലപാടിനൊപ്പണോ എന്ന നയം വ്യക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലക്ഷ്യം നിര്‍വഹിച്ചു എന്ന സന്ദേശമാണ് അക്രമികള്‍ അടൂര്‍ പ്രകാശിന് കൈമാറിയതെന്നാണ് പുറത്തു വന്ന വിവരം. ഇത് ഞെട്ടിക്കുന്നതാണ്. ഇതാണോ കോണ്‍ഗ്രസ് കൈകാര്യം ചെയ്യുന്ന രാഷ്ട്രീയമെന്നും ഇ.പി. ജയരാജന്‍ ചോദിച്ചു. ഈ സംഭവത്തില്‍ സമഗ്ര അന്വഷണം ആവശ്യമാണ്. എല്ലാ ജില്ലകളിലും ഇത്തരം കൊലപാതക സംഘങ്ങളെ ഉണ്ടാക്കിയിട്ടുണ്ട്. ക്രിമിനലുകളെ സംഘടിപ്പിക്കുന്ന കോൺഗ്രസ് ആണോ സമാധാനാവഹകർ എന്നും ഇ പി കുറ്റപ്പെടുത്തി.