മാധ്യമങ്ങളുടെ കണ്ടന്റുകള്‍ക്ക് പണം നല്‍കണമെന്ന നിയമ നിര്‍മ്മാണം നടത്തിയ ഓസ്‌ട്രേലിയയുടെ നടപടിക്കെതിരെ സ്വരം കടുപ്പിച്ച് ഫേസ്ബുക്ക്. പണം നല്‍കാന്‍ സാധിക്കില്ലെന്നും നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കളെ ഫേസ്ബുക്കിലൂടെ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.
ഇത് അവസാനത്തെ തീരുമാനമാണെന്നാണ് ഫേസ്ബുക്കിന്റെ ഔദ്യോഗിക പ്രതികരണം. നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഓസ്ട്രേലിയയില്‍ വ്യക്തിഗത വിവരങ്ങളും ഫോട്ടോകളും മാത്രമേ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. വാര്‍ത്താകള്‍ പങ്കുവയ്ക്കാന്‍ സാധിക്കില്ല.
അതേസമയം വിഷയത്തില്‍ എഫ്.ബിയുടെ വാശി അംഗീകരിക്കാനാകില്ലെന്ന് ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന്‍ ചെയര്‍മാന്‍ റോഡ് സിംസ് പറഞ്ഞു. രാജ്യത്തെ ന്യൂസ് ബിസിനസിന് ഫേസ്ബുക്കില്‍ നിന്നും ഗൂഗിളില്‍ നിന്നും അര്‍ഹമായ അവകാശം ലഭിക്കാനാണ് പുതിയ നിയമ നിര്‍മ്മാണമെന്നും ചില മാധ്യമങ്ങളുടെ വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പണം നല്‍കുന്നുണ്ടെന്നും എല്ലാ നടപടകളിലും സുതാര്യത ഉറപ്പാക്കാനാണ് ഈ നടപടിയെന്നും റോഡ് സിംസ് വ്യക്തമാക്കി.












