ലക്‌നൗ: ദേശസുരക്ഷാ നിയമം ചുമത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജയിലില്‍ അടച്ച ഡോ. കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി. കഫീല്‍ ഖാന്റെ അറസ്റ്റ് നിയമ വിരുദ്ധമാണെന്നും കോടതി വിലയിരുത്തി.
ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രസംഗിച്ചതിന്റെ പേരിലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഖഫീല്‍ ഫാനെ അറസ്റ്റ് ചെയ്ത് ദേശിയ സുരക്ഷാ നിയമം ചുമത്തിയത്. ജനുവരി 29നാണ് മുംബൈ എയര്‍പോര്‍ട്ടില്‍വെച്ച് കഫീല്‍ ഖാന്‍ അറസ്റ്റിലാവുന്നത്. ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ അഭ്യര്‍ത്ഥന പ്രകാരം മുംബൈ പോലീസ് ഡോ.കഫീല്‍ ഖാനെ അറസ്റ്റു ചെയ്ത് കൈമാറുകയായിരുന്നു. ഫെബ്രുവരി 13-നാണ് ഇദ്ദേഹത്തിനുമേല്‍ ദേശസുരക്ഷ നിയമം ചുമത്തുന്നത്.
2017-ല്‍ യിപിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ അറുപതിലേറെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ജയിലിലായി വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് കഫീല്‍ ഖാന്‍. അന്ന് ഓക്‌സിജന്‍ സിലിണ്ടറുകളുടെ വാങ്ങല്‍ പ്രക്രിയയില്‍ കഫീല്‍ ഖാന്‍ അഴിമതി കാണിച്ചെന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥ ഉണ്ടായെന്നും ആരോപിച്ച് യുപി സര്‍ക്കാര്‍ നടപടി എടുത്തിരുന്നു.
എന്നാല്‍ സംഭവത്തില്‍ ഡോ. കഫീല്‍ ഖാന്‍ നിരപരാധിയാണെന്ന് തെളിഞ്ഞു. സംഭവം നടക്കുമ്പോള്‍ നോഡല്‍ ഓഫീസര്‍ കഫീല്‍ ഖാന്‍ ആയിരുന്നില്ലെന്നും കുട്ടികള്‍ മരിക്കാതിരിക്കാന്‍ ഡോക്ടര്‍ സ്വന്തം ചെലവില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഈ കേസില്‍ ഒന്‍പത് മാസത്തോളമാണ് കഫീല്‍ ഖാന് ജയിലില്‍ കഴിയേണ്ടി വന്നുത്.










