സുധീര്‍നാഥ്
ചീകിതിരുകിയ പീലിതിരുമുടി
എങ്ങിനെ പോയിതടി കുറത്തി
എങ്ങിനെ പോയിതടി….
വണ്ടുകള്‍ തുമ്പികള്‍
പൂ മണം ഏറ്റപ്പോള്‍
വണ്ടാനുലച്ചുതടാ കുറവാ
വണ്ടാനുലച്ചുതടാ…
ത്യക്കാക്കരയില്‍ ഉത്സവത്തിന് കുട്ടിക്കാലം മുതല്‍ വൈക്കം തങ്കമണിയും സംഘവും അവതരിപ്പിച്ചിരുന്ന കറത്തിയാട്ടം എന്നും ഗ്രഹാതുരത്ത്വം ഉണര്‍ത്തുന്നതായിരുന്നു. ഓട്ടന്‍തുള്ളല്‍ കലാരംഗത്ത് അദ്ദേഹം അതിപ്രശസ്തനായിരുന്നു. ഓട്ടന്‍തുള്ളലില്‍ ഒരിക്കല്‍ മാത്രം ലഭിച്ചിട്ടുള്ള കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയത് വൈക്കം തങ്കമണിക്കാണ്. കേന്ദ്ര അവാര്‍ഡില്‍ ഗ്രാമത്തിന്‍റെ പേരായ വെച്ചൂര്‍ എന്നാണ് ചേര്‍ത്തിരുന്നത്. അങ്ങിനെ വെച്ചൂര്‍ തങ്കമണിപിള്ളയായി. പിന്നീട് മകള്‍ വെച്ചൂര്‍ രമാദേവിയാണ് പിതാവിന്‍റെ പാതയില്‍ ഈ രംഗത്തുള്ളത്. ത്യക്കാക്കരക്കാര്‍ക്ക് തിരുവാതിരകളിയും, ക്കൈകൊട്ടികളിയും പോലെ ഇതൊക്കെ ഓണ കലാ വിരുന്നാണ്.
തെയ്യങ്ങളുടെ നാടായ വടക്കന്‍ കേരളത്തില്‍ ഓണത്തിന് മാത്രമുള്ള തെയ്യമാണ് ഓണത്തെയ്യം. മഹാബലി സങ്കല്‍പ്പത്തിലുള്ള ഈ നാട്ടുദൈവത്തിന് ഓണത്താര്‍ എന്നാണ് പേര്. വണ്ണാന്‍മാരാണ് ഓണത്തെയ്യം കെട്ടിയാടുന്നത്. ഓണ തെയ്യത്തില്‍ തന്നെ സംസാരിക്കുന്ന തെയ്യത്തെ ഓണേശ്വരന്‍ എന്ന് പറയുന്നു. വായ തുറക്കാതെ സംസാരിക്കുന്നതിനാല്‍ പൊട്ടന്‍ തെയ്യം എന്നും അറിയപ്പെടുന്നു.
ഓണക്കാലത്തെ അനുഷ്ഠാനകലകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഓണവില്ല്. മധ്യകേരളത്തില്‍ ഏറെ പ്രചാരമുണ്ടായിരുന്നതും ഇപ്പോള്‍ പൂര്‍ണ്ണമായല്ലെങ്കിലും അന്യം നിന്ന് പോയി കൊണ്ടിരിക്കുന്ന ഒന്നാണ് ഓണവില്ല്. ഓണക്കാലത്ത് മാത്രമാണ് വില്ലു കൊട്ടുക. പനയുടെ പാത്തി, കവുങ്ങ്, മുള എന്നിവ കൊണ്ടാണ് ഓണവില്ല് ഉണ്ടാക്കുക. ഇതിന്‍റെ ഞാണുണ്ടാക്കുവാന്‍ മുള മാത്രമേ ഉപയോഗിക്കൂ. ഇത് വശമുള്ളവര്‍ കൊട്ടിയാല്‍ ശ്രവണമധുരമായ ശബ്ദം പുറപ്പെടുവിക്കുന്ന വയലിന്‍ പോലെയുള്ള ഒരു സംഗീത ഉപകരണമാണിത്.
ഓണത്തെ ചുറ്റി പറ്റി ഒരു ഡസനിലേറെ പഴഞ്ചൊല്ലുകള്‍ മലയാളത്തിലുണ്ട്. കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലോ പഴമൊഴി. ഓണം ഉണ്ടറിയണം എന്നും പറയാറുണ്ടല്ലോ… ഓണത്തപ്പാ കുടവയറാ, എന്നു തീരും തിരുവോണം എന്ന് സദ്യപ്രിയരെ കുറിച്ച് പറയാറുണ്ട്. ഓണത്തിനിടയ്ക്കാണോ പുട്ട് കച്ചവടമെന്ന് വന്‍ വിഷയങ്ങള്‍ക്കിടയില്‍ നിസാര വിഷയവുമായി വരുമ്പോള്‍ സാധാരണയായി പറയാറുണ്ട്. ഓണം വരാന്‍ ഒരു മൂലം വേണമെന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. കാര്യമുണ്ടാകാന്‍ ഒരു കാരണം വേണം എന്നാണ് അതില്‍ ഉള്‍കൊണ്ടിരിക്കുന്ന അര്‍ത്ഥം. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി എന്ന ചൊല്ലും ഓര്‍ക്കേണ്ടതാണ്.
അത്തപ്പൂക്കളവും മാവേലിയും ഓണസദ്യയുമെല്ലാം മലയാളിക്ക് ഒഴിച്ചു കൂടാനാവാത്തതാണ്. എവിടെയാണെങ്കിലും തിരുവോണത്തിന് സദ്യയുണ്ണാനായി മലയാളികള്‍ സ്വന്തം വീട്ടിലേക്ക് ഓടിയെത്തും. തൂശനിലയില്‍ വിളമ്പുന്ന ഓണസദ്യയ്ക്ക് മറ്റൊരിടത്തും ലഭിക്കാത്ത രുചി വൈവിധ്യമാണുള്ളത്. പക്ഷെ കഴിഞ്ഞ കുറേ നാളുകളായി ത്യക്കാക്കരയിലും പരിസരത്തുള്ളവരുമായ ജനങ്ങള്‍ ജാതിമത വ്യത്യാസം കൂടാതെ വീട്ടിലേയ്ക്കല്ല തിരുവോണ സദ്യ ഉണ്ണാന്‍ ഓടി വരുന്നത്. ത്യക്കാക്കര ക്ഷേത്രത്തിലേയ്ക്കാണ്. ഡല്‍ഹിയില്‍ കേന്ദ്ര ഊര്‍ജ മന്ത്രി പി എം സെയ്തിന്‍റെ മാധ്യമകാര്യ സെക്രട്ടറി ആയിരുന്ന കാലത്ത് ഒരുക്കിയ ഓണസദ്യയും, എല്ലാ വര്‍ഷവും ഡല്‍ഹിയിലെ വിവിധ സംഘടനകള്‍ നടത്തുന്ന ഓണ സദ്യയും, മുടങ്ങാതെ ടികെഎ നായര്‍ സാര്‍ ഒരുക്കുന്ന ഓണ സദ്യയും, രാഷ്ട്രപതിഭവനില്‍ രാഷ്ട്രപതിയായിരുന്ന പ്രണാബ് മുഖര്‍ജിയും, പിണറായി വിജയനും ചേര്‍ന്ന് നടത്തയ ഓണ സദ്യയും മറക്കാത്ത ഓണ ഓര്‍മ്മകളാണ്.
തൊണ്ണൂറുകളുടെ ആദ്യം ത്യക്കാക്കര ക്ഷേത്രത്തില്‍ എത്തുന്ന ഓണക്കച്ചവടക്കാര്‍ക്കും, ക്ഷേത്ര ജീവനക്കാര്‍ക്കും, ആനക്കാര്‍ക്കും വേണ്ടിയാണ് തിരുവോണ സദ്യ ആരംഭിച്ചത്. തൊണ്ണൂറുകളുടെ അവസാനമായപ്പോള്‍ അത് ജനങ്ങള്‍ക്കും കൂടിയായി. വീടുകളില്‍ തിരുവോണ സദ്യ ഉണ്ടിരുന്ന ശീലം തന്നെ രണ്ടായിരമായപ്പോള്‍ ത്യക്കാക്കരക്കാര്‍ മാറ്റി. ആയിരത്തില്‍ തുടങ്ങി പതിനായിരത്തിലേറെ പേര്‍ പിന്നീട് ഓണ സദ്യ ഉണ്ടിരുന്നു. ത്യക്കാക്കരയിലെ യുവാക്കള്‍ സദ്യ ഉണ്ണുന്നവര്‍ക്ക് വിളമ്പുവാന്‍ കൂടും. തിരുവോണത്തിന് ത്യക്കാക്കരയിലെ യുവാക്കള്‍ മിക്കവാറും സദ്യ കഴിക്കാറില്ല. കാരണം സദ്യ രാവിലെ 10ന് തുടങ്ങിയാല്‍ വൈകുവോളം ഉണ്ടാകും.
ചിങ്ങ മാസത്തിലെ അത്തം മുതല്‍ പത്താം നാള്‍ ആണ് തിരുവോണം. ഓണത്തിന്‍റെ പ്രധാന ആകര്‍ഷണം ഓണ സദ്യ ആണ്. വടക്കേ മലബാര്‍, മലബാര്‍, കൊച്ചി, മദ്ധ്യ തിരുവിതാംകൂര്‍, തിരുവിതാംകൂര്‍ എന്നവിടങ്ങളിലെ ഓണ സദ്യ വ്യത്യസ്ത രീതികളില്‍ ആണ് ഉണ്ടാക്കുന്നത്. മലബാറില്‍ ഓണത്തിന്‍റെ പ്രധാന വിഭവം മത്സ്യ മാംസാദികളാണ്. എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്ന സദ്യയില്‍ അവിയലും സാമ്പാര്‍, പരിപ്പ്, എരിശ്ശേരി തുടങ്ങിയവയും നാലുകൂട്ടം ഉപ്പിലിട്ടതും, പപ്പടം, പായസം തുടങ്ങിയ 28 ഇനങ്ങളാണ് ഓണസദ്യയുടെ വിഭവങ്ങള്‍. സദ്യ വിളമ്പുന്നതിനും സദ്യ ഉണ്ണുന്നതിനും അതിന്‍റെതായ രീതികള്‍ ഉണ്ട്. തറയില്‍ പായ വിരിച്ച് അതില്‍ ഇല ഇട്ട് വേണം സദ്യ വിളമ്പാന്‍. നാക്കില തന്നെ വേണം ഓണ സദ്യക്ക്. ഇലയുടെ നാക്ക് ഇടതു വശത്ത് വേണം വരാന്‍. കാലം മാറിയപ്പോള്‍ നിലത്തിരുന്ന് ഉണ്ണല്‍ ഇല്ലാതായി. പേപ്പര്‍ ഇലകള്‍ വന്നു തുടങ്ങി.
2009ല്‍ ഓണത്തിന് ഓസ്ക്കാര്‍ അവാര്‍ഡ് ജേതാവായ റസൂല്‍ പൂക്കുട്ടിയും, വിനുമോഹനും കൂടി ത്യക്കാക്കര ഉത്സവത്തിന് വന്നത് ഓര്‍ക്കുന്നു. 2010ല്‍ ഉത്രാടപ്പാച്ചില്‍ എന്ന 12 മണിക്കൂര്‍ തുടച്ചയായി കാരിക്കേച്ചര്‍ വരച്ച് ലോക റിക്കോഡിട്ട ഇന്‍കം ടാക്സ് ഉദ്യോഗസ്ഥന്‍ സജീവ് ബാലക്യണന്‍റെ പ്രകടനം ഓര്‍ക്കുന്നു. 2012ല്‍ ക്രിസ്തോസ്തം വലിയ മെത്രോപോലീത്തയും, ചെമ്മനം ചാക്കോയും, സുകുമാറും, മറ്റും ഓണ സദ്യയ്ക്കൊപ്പം ചിരി സദ്യയും ഒരുക്കിയത് ഓര്‍ക്കുന്നു. പല ഓര്‍മ്മകള്‍ മിന്നി മറയുമ്പോള്‍ ത്യക്കാക്കര ക്ഷേത്രത്തില്‍ ഇന്ന് ഓണ സദ്യ ഇല്ല.