ന്യൂഡല്‍ഹി: ദേശീയ കായിക ദിനത്തോട് അനുബന്ധിച്ച് കായികരംഗത്തെ 74 പ്രതിഭകളെ രാജ്യം ആദരിച്ചു. വിവിധ പുരസ്കാരങ്ങള്‍ നല്‍കിയാണ് ഇന്ത്യന്‍ കായികരംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങളെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത് ആദ്യമായി വിര്‍ച്വല്‍ സംവിധാനം ഉപയോഗിച്ചായിരുന്നു ഇത്തവണത്തെ പുരസ്കാര വിതരണം.
അഞ്ച് താരങ്ങള്‍ക്ക് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്കാരവും 27 താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡും സമ്മാനിച്ചു. പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ 74 പേരില്‍ 60 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അതും വിവിധ സായി (സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ) കേന്ദ്രങ്ങളില്‍ നിന്നും. 11 സായ് കേന്ദ്രങ്ങളാണ് ഒറു ചടങ്ങിന് ഒരേ സമയം വേദിയായത്.
Watch LIVE as President Kovind virtually confers the National Sports and Adventure Awards 2020 https://t.co/o6UZbvsYjl
— President of India (@rashtrapatibhvn) August 29, 2020
ഖേല്‍രത്‌ന പുരസ്കാര ജേതാക്കളായ ഹോക്കി താരം റാണി രാംപാല്‍, ടേബിള്‍ ടെന്നീസ് താരം മനിക ബദ്ര, അത്‌ലറ്റ് മാരിയപ്പന്‍ തങ്കവേലു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് പുരസ്കാരം ഏറ്റുവാങ്ങിയപ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമായി ദുബായിയിലുള്ള ക്രിക്കറ്റ് താരം രോഹിത് ശര്‍മയും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുസ്തി താരം വിനേഷ് ഭോഗട്ടും ചടങ്ങില്‍ പങ്കെടുത്തില്ല. ബംഗലൂരുവിലെ സായി കേന്ദ്രത്തിലായിരുന്നു റാണിയും മാരിയപ്പനും എത്തിയത്. മനിക പൂനെയിലും.
രോഹിത്തിനൊപ്പം ഐപിഎല്ലിന്റെ ഭാഗമായി ദുബായിയിലുള്ള ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ, കോവിഡ് സ്ഥിരീകരിച്ച ബാഡ്മിന്റന്‍ താരം സത്വിക്സായിരാജ് എന്നിവര്‍ക്ക് അര്‍ജുന പുരസ്കാരവും ഏറ്റുവാങ്ങാന്‍ സാധിച്ചില്ല.
സമ്മാനത്തുക ഉയര്‍ത്തിയതിന് ശേഷമുള്ള ആദ്യ പുരസ്കാര വിതരണവുമായിരുന്നു ഇത്തവണത്തേത്. ഖേല്‍ രത്‌ന പുരസ്കാര ജേതാക്കള്‍ക്ക് 7.5 ലക്ഷത്തില്‍ നിന്ന് ഇത്തവണ 25 ലക്ഷത്തിലേക്കും അര്‍ജുന അവാര്‍ഡ് തുക 5 ലക്ഷത്തില്‍ നിന്ന് 15 ലക്ഷത്തിലേക്കും ഉയര്‍ത്തിയിരുന്നു. ദ്രോണാചാര്യ പുരസ്കാരം നേടുന്നവര്‍ക്കും സമ്മാനത്തുക ലക്ഷത്തില്‍ നിന്ന് 15 ലക്ഷത്തിലേക്ക് ഉയര്‍ത്തി.
അതേസമയം ദ്രോണാചാര്യ പുരസ്കാര ജേതാവായ പ്രശസ്‌ത കായിക പരിശീലകന്‍ പുരുഷോത്തം റായ് അന്തരിച്ചു. 79 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഇന്നലെ രാത്രി എട്ടരയോടെയാണ് മരണം. പരിശീലന രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള ഈ വര്‍ഷത്തെ ദ്രോണാചാര്യ പുരസ്‌കാരത്തിനു തിരഞ്ഞെടുക്കപ്പെട്ട അത്‌ലറ്റിക്‌സ് പരിശീലകനാണ്. ദേശീയ കായിക ദിനമായ ഇന്ന് നടക്കുന്ന വെര്‍ച്വല്‍ ചടങ്ങില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് പുരസ്കാരം നല്‍കാനിരിക്കെയാണ് അന്ത്യം.
അശ്വിനി നാച്ചപ്പ, മുരളിക്കുട്ടന്‍, എം.കെ.ആശ, റോസക്കുട്ടി, ജി.ജി.പ്രമീള തുടങ്ങി നിരവധി പ്രമുഖ കായിക താരങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട്. 1974 ല്‍ നേതാജി ഇന്‍സ്‌റ്റിറ്റ‌്യൂട്ട് ഓഫ് സ്‌പോര്‍ട്‌സിലൂടെയാണ് പുരുഷോത്തം റായ് കായികപരിശീലന രംഗത്തേക്ക് കടന്നുവരുന്നത്. 1987 ലെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്, 1988 ലെ ഏഷ്യന്‍ ട്രാക് ആന്‍ഡ് ഫീല്‍ഡ് ചാംപ്യന്‍ഷിപ്പ്, 1999 ലെ സാഫ് ഗെയിംസ് എന്നിവയില്‍ ഇന്ത്യയുടെ പരിശീലകനായിരുന്നു.










