മുംബൈ: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണി നേട്ടം രേഖപ്പെടുത്തി. സെന്‍സെക്‌സ് ഇന്ന് 39 പോയിന്റും നിഫ്‌റ്റി 10 പോയിന്റും ഉയര്‍ന്നു. എനര്‍ജി, ഓയില്‍ & ഗ്യാസ്, എഫ്‌എംസിജി തുടങ്ങിയ മേഖലകള്‍ നഷ്‌ടത്തിലായിരുന്നു. അതേസമയം റിയല്‍ എസ്റ്റേറ്റ് മേഖല മികച്ച നേട്ടം രേഖപ്പെടുത്തി.
39,113 പോയിന്റിലാണ് സെന്‍സെക്‌സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 39,326.98 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്നിരുന്നു. 39,046.94 പോയിന്റ് ആണ് ഇന്നത്തെ താഴ്‌ന്ന നില. നിഫ്‌റ്റി 11,559 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 11,617.35 പോയിന്റ് വരെ വ്യാപാരത്തിനിടെ നിഫ്‌റ്റി ഉയര്‍ന്നിരുന്നു.
യുഎസ് ഓഹരി വിപണി കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ച്ചയായി മുന്നേറ്റം രേഖപ്പെടുത്തിയിരുന്നു. ഇതാണ് ഇന്ത്യന്‍ വിപണിയിലെ കുതിപ്പിലും പ്രതിഫലിച്ചത്. പ്രധാനമായും ആഗോള സൂചനകളാണ് ഇന്ത്യന്‍ വിപണിയെ ഇപ്പോള്‍ നയിക്കുന്നത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 23 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 27 ഓഹരികള്‍ നഷ്‌ടം നേരിട്ടു. ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, മഹീന്ദ്ര & മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ്, എസ്‌ബിഐ, ഗ്രാസിം ഇന്റസ്‌ട്രീസ് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, 6.83 ശതമാനം ഉയര്‍ന്നു. മഹീന്ദ്ര & മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ് എന്നീ ഓഹരികള്‍ നാല് ശതമാനത്തിന് മുകളില്‍ ഉയര്‍ന്നു.
റിയല്‍ എസ്റ്റേറ്റ് ഓഹരികളില്‍ ഇന്ന് ശക്തമായ കുതിപ്പ് ദൃശ്യമായി. നിഫ്‌റ്റി റിയാല്‍റ്റി സൂചിക 6.40 ശതമാനമാണ് ഒരു ദിവസം കൊണ്ട് ഉയര്‍ന്നത്. ഡിഎല്‍എഫ് (9.47 ശതമാനം), പ്രസ്റ്റീജ് (8.19 ശതമാനം)), ഒബ്‌റോയി റിയാല്‍റ്റി (7.06 ശതമാനം) തുടങ്ങിയ ഓഹരികള്‍ കുതിച്ചുകയറി. റിയല്‍ എസ്റ്റേറ്റ് മേഖലക്ക് ഉത്തേജനം പകരുന്നതിനായി മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഭവനങ്ങള്‍ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി അഞ്ച് ശതമാനത്തില്‍ നിന്നും രണ്ട് ശതമാനമായി കുറച്ചതാണ് റിയല്‍ എസ്റ്റേറ്റ് ഓഹരികളുടെ വില കുതിക്കുന്നതിന് കാരണമായത്.
ഓട്ടോമൊബൈല്‍ ഓഹരികള്‍ മികച്ച പ്രകടനം കാഴ്‌ച വെച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്‌റ്റി ഓട്ടോ സൂചിക 12 ശതമാനമാണ് ഉയര്‍ന്നത്. കോവിഡ് കാലത്തും വാഹനങ്ങള്‍ക്ക് മികച്ച ഡിമാന്റ് നിലനില്‍ക്കുന്നതാണ് ഓഹരികളുടെ പ്രകടനത്തിന് പിന്നില്‍.
ഒഎന്‍ജിസി, റിലയന്‍സ് ഇന്റസ്‌ട്രീസ്, ബജാജ് ഓട്ടോ, സീ ലിമിറ്റഡ്, കോള്‍ ഇന്ത്യ എന്നിവയാണ് ഇന്ന് നിഫ്‌റ്റിയില്‍ ഏറ്റവും നഷ്‌ടം നേരിട്ട അഞ്ച് ഓഹരികള്‍.












