മുഴപ്പിലങ്ങാട്-മാഹി ബൈപാസില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന സംഭവത്തിൽ ദേശീയ പാത അഥോറിറ്റി പ്രാഥമിക റിപ്പോർട്ട് നൽകി. ബീമുകൾക്ക് കൊടുത്ത താങ്ങ് ഇളകിയതാണ് അപകടകാരണമെന്നും നിർമാണത്തിൽ അപാകതകളില്ലെന്നുമാണ് റിപ്പോർട്ട്. ദേശീയപാത പ്രൊജക്ട് ഡയറക്ടർ നിർമൽ എം സാഥേയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെയാണ് പാലത്തിൽ പരിശോധന നടത്തിയത്. തുടർന്ന് റീജണൽ ഡയറക്ടർക്ക് പ്രാഥമിക റിപ്പോർട്ടും സമർപ്പിച്ചു.
തലശ്ശേരി – മാഹി ബൈപ്പാസുമായി ബന്ധപ്പെട്ട പ്രി കാസ്റ്റ് ബീം തകര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിനെതിരെ വ്യാജ പ്രചരണം തുടരുന്നു. സ്ഥലമെടുത്തു നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത് എന്നിരിക്കെ നിര്‍മാണം തകര്‍ന്നത് സംബന്ധിച്ച് പ്രതിപക്ഷം വ്യാജ വാര്‍ത്ത ചമയ്ക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന് വേണ്ടി ദേശീയ പാതാ അതോറിറ്റിയാണ് കരാര്‍ വച്ചതും നിര്‍മാണം നടത്തുന്നതുമെന്ന് ഇകെകെ പ്രൊജക്ട് കണ്‍സ്ട്രക്ഷന്‍ ഡയറക്ടര്‍ എംബി സുരേഷ് പറഞ്ഞു.
കേന്ദ്ര ഉപരിതല ഗതാഗത വകപ്പ് എന്‍എച്എഐ മുഖേന നടത്തുന്ന പണിയാണ് തലശ്ശേരി-മാഹി ബൈപ്പാസ്. എന്‍എച് 66 നാലുവരിപ്പാത വികസനത്തില്‍ ഉള്‍പ്പെട്ടതാണിത്. അതില്‍ ഇപ്പോള്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പാലത്തിന്റെ പ്രി കാസ്റ്റ് ബീം ആണ് വീണത്.
ഇതിന്റെ കരാര്‍ വെച്ചതും നിര്‍വ്വഹണം നടത്തുന്നതും മേല്‍നോട്ടം വഹിക്കുന്നതും കേന്ദ്ര സര്‍ക്കാരിനു വേണ്ടി ദേശീയപാത അതോറിറ്റി ആയതിനാല്‍ സംസ്ഥാനത്തെ പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടേയോ സംസ്ഥാന സര്‍ക്കാരിന്റേയോ യാതൊരുവിധ മേല്‍നോട്ടവും ഈ പ്രവൃത്തിയില്‍ ഇല്ല.
അതേസമയം, എന്‍എച് എഐ റീജണല്‍ ഓഫീസറോട് പൊതുമരാമത്ത് മന്ത്രി സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുകൊണ്ട് കത്തു നല്കി. എന്നാല്‍, പാലാരിവട്ടം പാലത്തിന് പകരമെന്ന പ്രതീതി ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ പ്രതിപക്ഷം തുടരുകയാണ്.