താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും, കോടതിയാണ് തന്നെ തെറ്റിദ്ധരിച്ചിരിക്കുന്നതെന്നും മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത് നിയമ രംഗത്ത് മാത്രമല്ല, രാജ്യമെങ്ങും ചര്‍ച്ചയാണ്. തനിക്ക് ആരുടേയും ദയ വേണ്ടെന്നും, മാപ്പ് പറയാന്‍ താന്‍ ഒരുക്കമല്ലന്നും കോടതിയില്‍ പറഞ്ഞതോടുകൂടി പ്രശാന്ത് ഭൂഷനെ മഹാത്മാഗാന്ധിയേയും, മണ്ടേലയേയും പോലെ ദേശീയ മാധ്യമങ്ങള്‍ മത്സരിച്ച് വാഴ്ത്തുകയായിരുന്നു.
സ്ഥലത്തെ പ്രധാന പയ്യനായി പ്രശാന്ത് ഭൂഷനെ മാറ്റിയതാണ് ഇപ്പോള്‍ ചര്‍ച്ച. ഒരാള്‍ അതി പ്രശസ്തനാകുന്നത് എത്ര ചുരുങ്ങിയ സമയം കൊണ്ടാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. പ്രശാന്ത് ഭൂഷന് ഉണ്ടായിരുന്ന ജനസമ്മതിയും ഇപ്പോള്‍ കൂടിയിരിക്കുന്നു. വടി കൊടുത്ത് അടി മേടിച്ച പോലെ ആയല്ലോ എന്നാണ് ഡല്‍ഹിയിലെ അകത്തളങ്ങളിലെ സംസാരം. വഴിയില്‍ കിടന്ന പാമ്പിനെ എന്തിനാണ് കഴുത്തില്‍ തൂക്കിയത് എന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് ഒരു മുതിര്‍ന്ന ബിജെപി വിശ്വാസി നേരിട്ട് ചോദിച്ചത്.(ചോദിച്ചുവെന്നത് ശരിയാണോ എന്നറിയില്ല.)
ഡല്‍ഹി കലാപത്തിന് ഒരു മാസം കഴിഞ്ഞാണ് നടന്നിരുന്നെങ്കില്‍ ഇത് നടക്കുമായിരുന്നോ എന്നാണ് ഇപ്പോള്‍ ചിലര്‍ ചോദിക്കുന്നത്. കേവലം ഒരു ചെറിയ കൊറോണ രാജ്യത്തെ നിശ്ചലമാക്കി. കൊറോണയുടെ ഭയം ഒന്ന് കുറഞ്ഞപ്പോള്‍ തന്നെ ബിജെപി ഒരു പുസ്തകം പുറത്തിറക്കി. ഡല്‍ഹി കലാപം വിവരിക്കുന്ന പുസ്തകം ഇറങ്ങും മുമ്പ് തന്നെ ശക്തമായ പ്രതിഷേധം ഉണ്ടായി. പ്രതിഷേധം ഫലം കണ്ടു… പ്രസാധകര്‍ പുസ്തകം പിന്‍വലിക്കുക തന്നെ ചെയ്തു. ഒരു പഴമൊഴി ഉണ്ടല്ലോ, ‘പണ്ടേപോലെ ഫലിക്കുന്നില്ല …’ എന്നതാണ് യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മുസ്ലിം സമുദായത്തെ അടച്ച് ആക്ഷേപിച്ചത് എന്തായാലും കോടതി തള്ളി. അത് പ്രചരിപ്പിച്ചവരും ഇപ്പോള്‍ മൗനമാണ്.
രാമജന്മഭൂമി ഭൂമിപൂജ ചടങ്ങിനെ തുടര്‍ന്ന് ഏതാണ്ട് രണ്ടു ഡസനിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ക്ഷേത്ര പൂജാരിയും , രാമജന്മ ഭൂമി ട്രസ്റ്റ് അദ്ധ്യക്ഷന്‍ അടക്കമുള്ളവരാണ് ചികിത്സയിലുള്ളത്. എത്രപേര്‍ക്ക് പടര്‍ത്തി എന്നുള്ളതിനെക്കുറിച്ച് ഇപ്പോഴും വിവരം പുറത്തുവിട്ടിട്ടില്ല. എന്തായാലും വിവരം പുറത്താകും എന്നുള്ള സൂചന കിട്ടിയതാണ് നിസാമുദ്ദീനിലെ പാവപ്പെട്ട ആരോപിതരെ മോചിപ്പിച്ചതെന്ന് സംസാരം.
രാജ്യത്തെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി ഏതാണ് എന്ന് ചോദിച്ചാല്‍ അതിന് കോണ്‍ഗ്രസ് എന്നായിരിക്കും ഉത്തരം. ഇപ്പോള്‍ ഈ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. രാഹുല്‍ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ചപ്പോള്‍ അമ്മ സോണിയ ഗാന്ധി അത് ഏറ്റെടുത്തു. താല്‍ക്കാലിക അധ്യക്ഷ എന്ന നിലയില്‍ അവര്‍ തുടരുന്നതിനിടയിലാണ് നെഹ്‌റു കുടുംബത്തില്‍ നിന്ന് പുറത്തുള്ള ഒരാള്‍ വരണം എന്നുള്ള കരച്ചില്‍. നെഹ്‌റു കുടുംബത്തില്‍ നിന്ന് പുറത്തുള്ളവര്‍ക്ക് അധ്യക്ഷസ്ഥാനം കൊടുക്കുന്നതിനോട് സോണിയയും കുടുംബത്തിനും താല്‍പര്യമില്ല എന്നതിന് എത്രയോ തെളിവുകളുണ്ട്.
മുന്‍പ് അധ്യക്ഷനായ നരസിംഹറാവു മരിച്ചപ്പോള്‍ 24 അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന്റെ ഗേറ്റിന് പുറത്താണ് മൃതശരീരം പ്രദര്‍ശനം നടത്തിയത്. നരസിംഹറാവുവിന്റെ ശവശരീരം അകത്തുകയറ്റാന്‍ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാഗാന്ധി സമ്മതിച്ചില്ല. ഗേറ്റ് അടച്ച് അവര്‍ പത്താം നമ്പര്‍ ജന്‍പഥില്‍ തപസിരുന്നു.
കോണ്‍ഗ്രസ് നാള്‍ക്കുനാള്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്നുവെന്നുള്ള കാര്യം ഇനിയും തിരിച്ചറിയാത്തത് പാര്‍ട്ടിയുടെ ദുരസ്ഥിതി എന്നല്ലാതെ എന്തു പറയാന്‍. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ പറ്റാതെ കോണ്‍ഗ്രസ് നെട്ടോട്ടമാണ്. നിലവിലുള്ള താല്‍ക്കാലിക അധ്യക്ഷക്കെതിരെ പാര്‍ട്ടി നേതാക്കള്‍ തന്നെ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തപ്പോഴായിരുന്നു കേരളത്തിലെ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസുകാര്‍ അവിശ്വാസം കൊണ്ടു വന്നത് എന്നത് തമാശയാണ്.
എന്നാലും എന്റെ കൊറോണേ, എന്നോട് ഈ ചതി വേണമായിരുന്നോ ….? എന്നാണ് നരേന്ദ്രമോഡി ഇപ്പോള്‍ പറയുന്നത്. പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത സമയം മുതല്‍ ഒരു ശപഥം എന്നപോലെ ലോകരാജ്യങ്ങളില്‍ കറങ്ങുകയായിരുന്നു. ഇന്ത്യയില്‍ അപൂര്‍വമായി എത്തിക്കൊണ്ടിരുന്ന അദ്ദേഹം ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ കഴിയുകയാണ്. ഇതിന് കൊറോണ ഒരു കാരണമായെന്നാണ് ഡല്‍ഹിയിലെ രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്. കൊറോണ രാജ്യത്ത് വ്യാപിച്ചത് മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ തന്നെയാണ് എന്നുള്ള അഭിമാനം ഇന്ത്യക്കാര്‍ക്ക് ഉണ്ടാകണം. നിരാശ കൊണ്ടാണോ എന്നറിയില്ല , പ്രധാനമന്ത്രി താടിയും മുടിയും നീട്ടി വളര്‍ത്തി ഒരു സന്യാസി രൂപമായി മാറിക്കൊണ്ടിരിക്കുകയാണ്.
എന്നാലും എന്റെ കൊറോണേ എന്നോട് ഈ ചതി വേണമായിരുന്നോ…