സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് കോവിഡ് മരണങ്ങള്‍. മലപ്പുറം, കാസര്‍ഗോഡ്, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കൂത്തുപറമ്പ് കൂവ്വപ്പാടി സ്വദേശി കെ.അനന്തന്‍ (64) പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്ന അനന്തന് ആന്‍റിജന്‍ ടെസ്റ്റിലാണ് രോഗബാധ കണ്ടെത്തിയത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം ലഭിക്കാനുണ്ടന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
മലപ്പുറത്ത് കോട്ടക്കല്‍ സ്വദേശിനി ഇയ്യാത്തുട്ടിയും (65), തിരൂരങ്ങാടി സ്വദേശി അബൂബക്കര്‍ ഹാജിയുമാണ് (80) മരിച്ചത്. ഇന്നലെ മാത്രം സംസ്ഥാനത്ത് പത്ത് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംസ്ഥാനത്ത് കോവിഡ് നിരക്ക് രണ്ടായിരത്തിന് മുകളില്‍ പോയ മറ്റൊരു ദിവസമായിരുന്നു ഇന്നലെ. 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ 1456 പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 21,232 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,343 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 61 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 118 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.