കൊച്ചി : എട്ടാംക്ലാസ്സുകാരിയായ പെണ്‍കുട്ടിയെ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടബലാത്സംഗത്തിരയാക്കിയ സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യാന്‍ അന്വേഷണം ശക്തമാക്കി പോലീസ്. യുപി റാംപുര്‍ സിറ്റി സ്വദേശികളായ ഹനീഫ് (28), ഫര്‍ഹാദ് ഖാന്‍ (29), ഹാനുപുര സ്വദേശി ഷാഹിദ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ കേസില്‍ ഉള്‍പ്പെട്ട മറ്റ് മൂന്നു പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പെണ്‍കുട്ടിയെ ആദ്യം ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്നത്. അമ്മയുടെ മരണത്തോടെ ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയുമായി ചങ്ങാത്തം സ്ഥാപിച്ച ശേഷമാണ് സംഘം അതിക്രമത്തിന് ഇരയാക്കിയത്. ബന്ധുവില്ലാത്ത തക്കം നോക്കിയായിരുന്നു പീഡനം. പിന്നീട് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വ്വം പലയിടങ്ങളിലും കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു .
മാര്‍ച്ച് മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്നായിരുന്നുവെന്നാണ് വിവരം. പെണ്‍കുട്ടിയെ കൌണ്‍സിലിംഗ് വിധേമാക്കിയപ്പോഴാണ് പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടി ഇപ്പോള്‍ ഗര്‍ഭിണിയാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.