തൃശൂര്‍: സംസ്ഥാനത്തെ പാവപ്പെട്ടവരുടെ ജീവിതവെളിച്ചം തല്ലിക്കെടുത്തുന്ന വിനാശകരമായ ദൗത്യവുമായാണ് ലൈഫ് ഭവനപദ്ധതിക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നിരിക്കുന്നതെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. രാജ്യത്ത് എല്ലാ കുടുംബങ്ങള്‍ക്കും വീടുള്ള ആദ്യസംസ്ഥാനമായി കേരളം മാറുന്നത് ചിലര്‍ക്ക് സഹിക്കാനേ കഴിയുന്നില്ല. അവരാണ് പാവങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ള ഭൂമിയില്‍ ലൈഫ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കായി ഭവനസമുച്ചയം നിര്‍മ്മിച്ച് കൈമാറാനാണ് റെഡ് ക്രസന്റുമായി ധാരണയിലെത്തിയത്. റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ പണമിടപാട് നടത്തിയിട്ടില്ല. നിര്‍മ്മാണത്തിനുള്ള ഏജന്‍സിയെ നിശ്ചയിച്ചതും അവരുമായി സാമ്പത്തിക ഇടപാട് നടത്തുന്നതും പദ്ധതി സ്‌പോണ്‍സര്‍ ചെയ്ത റെഡ്ക്രസന്റ് നേരിട്ടാണ്. എന്നിട്ടും വസ്തുതകള്‍ മറച്ചുവെച്ച് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഹീനമായ ആക്രമണം അഴിച്ചുവിടുന്നു. എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ വര്‍ധിച്ചുവരുന്ന ജനസമ്മതി പലരുടെയും സമനില തെറ്റിച്ചുകഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/tpramakrishnan/posts/3357204811172355
നാലുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ സാധാരണക്കാരായ ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരിന്റെ പിന്തുണ വര്‍ധിക്കുകയാണ്. ഇതില്‍ പരിഭ്രാന്തി പൂണ്ട് രൂപപ്പെട്ട പുതിയ കൂട്ടായ്മ ജനക്ഷേമപദ്ധതികള്‍ക്ക് തുരങ്കം വെച്ച് കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. സംസ്ഥാനത്തിന്റെ വികസനത്തിനും സാധാരണക്കാരുടെ ജീവിതഭദ്രതയ്ക്കും നേരെയാണ് ഇവരുടെ വെല്ലുവിളി. സംസ്ഥാനത്തിന് ലഭിക്കുന്ന സഹായങ്ങള്‍ തടയാനുള്ള ഗൂഢാലോചനയുടെ ഭാഗം കൂടിയാണ് ഇപ്പോഴത്തെ തീവ്ര കുപ്രചാരണ ദൗത്യം. കള്ളക്കഥകള്‍ തുറന്നുകാട്ടപ്പെട്ടിട്ടും കൂസലില്ലാതെ ഇവര്‍ പ്രചാരവേല തുടരുകയാണ്. ഇതുകൊണ്ടൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല. അവര്‍ സര്‍ക്കാരിന്റെ ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അണിനിരക്കുമെന്നും ദുഷ്പ്രചാരണങ്ങള്‍ക്ക് അധികം ആയുസ്സില്ലെന്ന് വൈകാതെ തെളിയുമെന്നും മന്ത്രി ടി പി പറഞ്ഞു.