തിരുവനന്തപുരം: ജനകീയാസൂത്രണത്തിന്റെ 25-ാം വര്‍ഷ ആഘോഷം 25 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് ആഘോഷിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിന്റെ അധികാര വികേന്ദ്രീകരണ അനുഭവത്തെക്കുറിച്ചാണ് പുസ്തകങ്ങള്‍. ഈ പുസ്തക പരമ്പരയില്‍ ആദ്യത്തേത് ഈ മാസം പുറത്തിറങ്ങും.’പ്രാദേശിക ജനാധിപത്യവും പ്രാദേശിക വികസനവും’ എന്ന എന്റെയും റിച്ചാര്‍ഡ് ഫ്രാങ്കിയുടെയും ഗ്രന്ഥത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് അച്ചടിയിലാണെന്നും മന്ത്രി പറഞ്ഞു.
തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ജനകീയാസൂത്രണം 25-ാം വര്‍ഷത്തിലേയ്ക്ക് കടക്കുകയാണ്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പഠന – സംവാദ – പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. 2000ല്‍ തിരുവനന്തപുരത്തു നടന്ന അന്തര്‍ദേശീയ സമ്മേളനത്തിന്റെ പുതിയൊരു പതിപ്പ് ഡിസംബറില്‍ നടത്തണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ കൊവിഡ് പകര്‍ച്ചവ്യാധി ഇവയെയെല്ലാം ബാധിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ കേരളത്തിന്റെ അധികാര വികേന്ദ്രീകരണ അനുഭവത്തെക്കുറിച്ച് 25 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് രജതജൂബിലി ആഘോഷിക്കുന്നതിനാണ് തീരുമാനം. ഇവയുടെ പ്രകാശനവുമായി ബന്ധപ്പെട്ട് വിപുലമായ വെബിനാറുകളും ഉണ്ടാവും.
ഈ പുസ്തക പരമ്പരയില്‍ ആദ്യത്തേത് ഈ മാസം പുറത്തിറങ്ങും. 2000ല്‍ പ്രസിദ്ധീകരിച്ച ‘പ്രാദേശിക ജനാധിപത്യവും പ്രാദേശിക വികസനവും’ എന്ന എന്റെയും റിച്ചാര്‍ഡ് ഫ്രാങ്കിയുടെയും ഗ്രന്ഥത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് അച്ചടിയിലാണ്. ഇതിന്റെയൊരു തുടര്‍ഗ്രന്ഥമായി 25 വര്‍ഷത്തെ വികേന്ദ്രീകരണ അനുഭവത്തെക്കുറിച്ചുള്ള സമഗ്രമായ മറ്റൊരു പുസ്തകവും ഈ വര്‍ഷം തന്നെ പ്രസിദ്ധീകരിക്കും. ഈ വര്‍ഷം പ്രകാശം കഴിയുമെന്നു കരുതുന്ന മറ്റൊരു ഗ്രന്ഥം ”കല്യാശ്ശേരിയുടെ 25 വര്‍ഷങ്ങളെ”ക്കുറിച്ചാണ്. കല്യാശ്ശേരി വികസന റിപ്പോര്‍ട്ട് ഐ.ആര്‍.റ്റി.സി തയ്യാറാക്കിയെങ്കിലും പ്രസിദ്ധീകരിച്ചിട്ടില്ല. അത് ഒരു അടിസ്ഥാനവിവരരേഖയായി എടുത്തുകൊണ്ട് ജനകീയാസൂത്രണം ഗ്രാമത്തില്‍ വരുത്തിയ മാറ്റങ്ങളെയാണ് ഈ ഗ്രന്ഥത്തില്‍ പരിശോധിക്കുന്നത്. ഇതിനു പുറമേ ജനകീയാസൂത്രണത്തെക്കുറിച്ചു പഠിച്ച അക്കാദമിക് പണ്ഡിതന്‍മാരുടെ പ്രബന്ധങ്ങളുടെ രണ്ട് സമാഹാരങ്ങളും ഉണ്ടാവും.
മേല്‍പ്പറഞ്ഞ അഞ്ച് പുസ്തകങ്ങള്‍ക്കു പുറമേ 10 പുസ്തകങ്ങളുടെ രണ്ട് പരമ്പരകള്‍ കില പ്രസിദ്ധീകരിക്കാന്‍ പരിപാടിയിട്ടിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും ഇവയുടെ പതിപ്പുകള്‍ ഉണ്ടാവും. കേരളത്തിലെ ഏതെങ്കിലും പ്രസാധകശാല വഴിയായിരിക്കും ഇവ പ്രസിദ്ധീകരിക്കുക.
ആദ്യത്തെ പരമ്പരയുടെ എഡിറ്റര്‍ ഡോ. ജോയ് ഇളമണ്‍ ആണ്. വിവിധ വിഷയ മേഖലകളില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവച്ച പഞ്ചായത്തുകള്‍ അല്ലെങ്കില്‍ പ്രോജക്ടുകളെ പരിചയപ്പെടുത്തുകയാണ് ഈ പരമ്പരയുടെ ലക്ഷ്യം. വിഷയങ്ങള്‍ ഇവയാണ് വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, കൃഷി, ജലസംരക്ഷണം, മാലിന്യപരിപാലനം, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യം, സ്ത്രീ ശാക്തീകരണം, പ്രാദേശിക സാമ്പത്തിക വികസനവും സംരംഭകത്വ വികസനവും, സംയോജനവും ഉദ്ഗ്രഥനവും.
ഇവയുടെ പ്രതിപാദനത്തില്‍ ക്ലിഷ്ടമായ അക്കാദമിക് ശൈലി ഒഴിവാക്കും. ഓരോ വാല്യത്തിനും പ്രത്യേകം രണ്ടോ മൂന്നോ എഡിറ്റര്‍മാര്‍ ചുമതലക്കാരായി ഉണ്ടാകും. ഇന്നിപ്പോള്‍ കിലയുടെയും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തില്‍ നടന്നു വരുന്ന പഞ്ചായത്തുകളുടെ വെബിനാര്‍ അവതരണങ്ങളില്‍ നിന്നായിരിക്കും നല്ല പങ്ക് ലേഖനങ്ങളും തയ്യാറാക്കുക. ആര്‍ക്കെങ്കിലും ഈ സംരംഭത്തില്‍ പങ്കാളികളാവണമെങ്കില്‍ നിര്‍ദ്ദിഷ്ട പ്രോജക്ട് അല്ലെങ്കില്‍ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനം സംബന്ധിച്ച ഒരു ലഘുവിവരണവുമായി ഡോ. ജോയ് ഇളമണിനെ ബന്ധപ്പെടാവുന്നതാണ്.
രണ്ടാമത്തെ പരമ്പര കേരളത്തിലെ അധികാരവികേന്ദ്രീകരണം സംബന്ധിച്ച 10 അക്കാദമിക് പഠനങ്ങളാണ്. കേരളത്തിലെ വിവിധ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച പിഎച്ച്ഡി പ്രബന്ധങ്ങള്‍ ഗ്രന്ഥങ്ങളായി പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഏതാനും തെരഞ്ഞെടുത്ത അധികാരവികേന്ദ്രീകരണം സംബന്ധിച്ച രേഖകള്‍, ധനകാര്യ കമ്മീഷനുകളുടെ പ്രസക്തമായ ഭാഗങ്ങള്‍, അനുയോജ്യമായ മറ്റു പഠനങ്ങളും റിപ്പോര്‍ട്ടുകളും ഈ പരമ്പരയില്‍ ഉള്‍പ്പെടുത്തും. ഈ പരമ്പരയുടെ എഡിറ്റര്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ഡോ. കെ.ജെ. ജോസഫാണ്. ഈ പരമ്പരയില്‍ പങ്കാളികളാവാന്‍ ആഗ്രഹിക്കുന്നവര്‍ അദ്ദേഹവുമായി ബന്ധപ്പെടേണ്ടതാണ്.
ഇന്ന് 25 നു വര്‍ഷത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോള്‍ കേരളത്തിലെ അധികാരവികേന്ദ്രീകരണ യജ്ഞത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും അഭിമാനിക്കാന്‍ ഏറെയുണ്ട്. അവ കൃത്യയമായി അടയാളപ്പെടുത്തുവാനുള്ള ഒരു പരിശ്രമമാണ് ഈ 25 ഗ്രന്ഥങ്ങളിലൂടെ നടത്തുന്നത്. ഇവയുടെ പ്രകാശനവുമായി ബന്ധപ്പെട്ടുള്ള സംവാദങ്ങളില്‍ പരമാവധി ആളുകളെ പങ്കാളികളാക്കാന്‍ ശ്രമിക്കും. ഇവയിലൂടെ ലഭ്യമാകുന്ന ഉള്‍ക്കാഴ്ച്ചകള്‍ കേരളത്തിലെ അധികാര വികേന്ദ്രീകരണത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സംഭാവനയായിരിക്കും.
തോമസ് ഐസക്