ന്യൂഡല്‍ഹി : 74-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ കടന്നുകയറ്റത്തില്‍ ചൈനയെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെട്ടിപ്പിടിക്കല് നയത്തെ ഇന്ത്യ എന്നും എതിര്‍ത്തിട്ടുണ്ടെന്നും, ലഡാക്കിലെ ഇന്ത്യന്‍ ശക്തി ലോകം കണ്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദവും വെട്ടിപ്പിടിക്കല് നയവും ഒരേ പോലെ നേരിടും. അതിര്‍ത്തിയിലെ പ്രകോപനത്തിന് അതേ നാണയത്തില്‍ രാജ്യം മറുപടി നല്കി. ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ആദരം അര്‍പ്പിക്കുന്നതായും അറിയിച്ചു. ജമ്മു കാഷ്മീരില്‍ മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്വയംപര്യാപ്തത ഇന്ത്യക്കു മുന്നിലുള്ള വെല്ലിവിളികള്‍ മറികടക്കും, ആ സ്വപ്നം രാജ്യം സാക്ഷാത്കരിക്കും. ആത്മനിര്‍ഭര്‍ ഭാരത് 130 കോടി ജനങ്ങളുടെ മന്ത്രമാണ്. തദ്ദേശീയ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണം. നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ ഇന്ത്യ എല്ലാ റെക്കോര്‍ഡുകളും മറികടന്നു. സാന്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനുമാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. ലോകമാകെ ഒരു കുടുംബമാണെന്നാണ് ഇന്ത്യ എന്നും വിശ്വാസിച്ചിട്ടുള്ളത്. മാനുഷിക മൂല്യങ്ങള്‍ക്കും അതില്‍ നിര്‍ണായക സ്ഥാനമുണ്ട്. ഒരു കാലത്ത് ഭക്ഷ്യസുരക്ഷ നമുക്ക് ഒരു വെല്ലുവിളിയായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യ മറ്റു രാജ്യങ്ങളിലേക്കും ഭക്ഷണം കയറ്റുമതി ചെയ്യുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യയോടൊപ്പം മെയ്ക്ക് ഫോര്‍ വേള്‍ഡും വേണം.
South Asian leaders have big responsibility to maintain peace: PM Modi
Read @ANI Story| https://t.co/uN3ehRR5H8 pic.twitter.com/Ih9LANPbCH
— ANI Digital (@ani_digital) August 15, 2020
രാജ്യത്ത് സൈബര്‍ സുരക്ഷാ നയം ഉടന്‍ നടപ്പാക്കും. ആറു ലക്ഷം ഗ്രാമങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തിക്കും. ആയിരം ദിവസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുവാന്‍ പുതിയ പദ്ധതി തയാറാക്കും. 110 കോടി ലക്ഷം രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് നടപ്പാക്കുവാന്‍ ലക്ഷ്യമിടുന്നത്. 7000 പദ്ധതികള്‍ ഇതിന് കീഴില്‍ കണ്ടെത്തി. രണ്ടു കോടി വീടുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ കുടിവെള്ളം എത്തിച്ചു. ആത്മനിര്‍ഭറിന് നിരവധി വെല്ലുവിളികള്‍ ഉണ്ടാകും. ആഗോള കിടമത്സരത്തില്‍ ഈ വെല്ലുവിളികളെ അംഗീകരിക്കുന്നുവെന്നും. എന്നാല്‍ ലക്ഷം വെല്ലുവിളികള്‍ക്ക് കോടി പരിഹാരങ്ങള്‍ നല്‍കാനുള്ള കരുത്ത് ഇന്ത്യക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാവിലെ 7.30നു തന്നെ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. നിശ്ചയിച്ച സമയത്തു തന്നെ എത്തിയ പ്രധാനമന്ത്രി രാജ്ഘട്ടില്‍ രാഷ്ട്രപിതാവിന് ആദരാഞ്ജലി അര്പിച്ച ശേഷമാണ് ദേശീയ പതാക ഉയര്‍ത്തിയത്. ശേഷം സൈന്യം നല്കിയ ദേശീയ അഭിവാദ്യവും അദ്ദേഹം സ്വീകരിച്ചു. മേജര്‍ സൂര്യപ്രകാശിന്റെ നേതൃത്വത്തിലുള്ള സൈനിക ഉദ്യോഗസ്ഥരാണ് ദേശീയ അഭിവാദ്യം നല്‍കിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങ്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് കേന്ദ്രമന്ത്രിമാര്‍, ജഡ്ജിമാര്‍, ഉന്നതോദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരടക്കം നാലായിരത്തോളം പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഡോക്ടര്‍മാരും, നേഴ്സുമാരും ശുചീകരണ തൊഴിലാളികളും ഉള്‍പ്പെടുന്ന കോവിഡ് പോരാളികളെയും അസുഖം ഭേദമായ ചിലരെയും ക്ഷണിച്ചിരുന്നു.
ചെങ്കോട്ടയുടെ ലാഹോറി ഗേറ്റില്‍ ആറടി അകലം പാലിച്ചാണ് കസേരകള്‍ നിരത്തിയിരിക്കുന്നത്. . നൂറില്‍ താഴെ പേര്‍ക്കുള്ള കസേര മാത്രമേ പ്രധാന വേദിയില്‍ ഉണ്ടാകു. ചടങ്ങ് കാണാന്‍ എതിര്‍വശത്ത് അഞ്ഞൂറിലധികം പേര്‍ക്ക് സൗകര്യം ഒരുക്കിയിരിക്കുന്നു. സ്കൂള്‍ കുട്ടികള്‍ക്കു പകരം എന്‍സിസി കേഡറ്റുകളാകും ഇത്തവണ പരേഡിനെത്തിയത്.












