പാമ്പിനെ കൊണ്ട് കൊല നടത്തിയ ഉത്രാ കൊലക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. സംസ്ഥാന പൊലീസ് മേധാവി മൂന്നാറിലെ ദുരിതബാധിത മേഖലയിലായതിലാണ് ഇന്നലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതിരുന്നത്. അതേസമയം പാമ്പ് പിടുത്തക്കാരന്‍ സുരേഷിനെ പ്രതിയാക്കി വനം വകുപ്പ് എടുത്ത കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചു.
കേസില്‍ രണ്ടാം പ്രതിയും പാമ്പ് പിടുത്തക്കാരനുമായി സുരേഷിനെ കോടതി മാപ്പ് സാക്ഷിയാക്കിയിരുന്നു. അതിനാല്‍ വധക്കേസില്‍ സൂരജ് മാത്രമാണ് പ്രതി. പ്രതിയെ അറസ്റ്റ് ചെയ്ത് തൊണ്ണൂറ് ദിവസത്തിനകം തന്നെ കുറ്റപത്രം സമര്‍പ്പിക്കുന്നതുകൊണ്ട് ഇവര്‍ക്ക് സ്വഭാവിക ജാമ്യം കിട്ടില്ല. മാപ്പ് സാക്ഷിയായതിനാല്‍ സുരേഷിന് വധക്കേസില്‍ ജാമ്യം കിട്ടുമെങ്കിലും ഉടന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കില്ല.
അഞ്ചല്‍ സ്വദേശിയായ ഉത്ര മെയ് മാസം ഏഴാം തീയതിയാണ് മരിച്ചത്. കിടപ്പ് മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ മുറിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറിയെന്ന ഉത്രയുടെ വീട്ടുകാരുടെ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.