തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്യമായ മാനദണ്ഡങ്ങള്‍ വച്ചാണ് കോവിഡ് മരണം കണക്കാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്തും കോവിഡ് മരണങ്ങള്‍ കണക്കാക്കുന്നത്. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരമുള്ള International Guidelines For Certification And Classification (Coding) Of Covid-19 As Cause Of Death എന്ന ഇന്റര്‍നാഷണല്‍ ഗൈഡ് ലൈന്‍ അനുസരിച്ചാണ് ഇവിടെയും കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. ഇതനുസരിച്ച് കോവിഡ് രോഗം മൂര്‍ച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കോവിഡ് മരണത്തിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. കോവിഡ് മരണത്തില്‍ ശാസ്ത്രീയമായ ഓഡിറ്റാണ് കേരളം അവലംബിക്കുന്നത്. ഇക്കാര്യത്തില്‍ സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് യൂണിറ്റ്, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ്, ഇന്‍സ്റ്റിറ്റിയൂഷന്‍ മെഡിക്കല്‍ ബോര്‍ഡ്, സ്റ്റേറ്റ് പ്രിവന്‍ഷന്‍ ഓഫ് എപ്പിഡമിക് ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് സെല്‍ എന്നിവരുടെ അംഗങ്ങളടങ്ങുന്ന ഡെത്ത് ഓഡിറ്റ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
