കോഴിക്കോട്: കരിപ്പൂര്‍ വിമാനത്തവള ദുരന്തത്തില്‍ ഡിജിസിഎ അധികൃതര്‍ പരിശോധന ആരംഭിച്ചു. മാഹിതോഷ് ഭരദ്വാജ്, ഉമ ശങ്കര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങിയ പതിനാലംഗ സംഘമാണ് ഡല്‍ഹിയില്‍ നിന്നെത്തിയത്. വിമാനത്താവളത്തില്‍ സുരക്ഷാ പാളിച്ചയുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കും.
അതേസമയം വിമനത്താവള ദുരന്തം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. വ്യോമയാന മന്ത്രി ഇന്ന് കരിപ്പൂരില്‍ എത്തി അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കും. എയര്‍ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരുമായും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തും.
കരിപ്പൂര്‍ വിമാനത്തവാളത്തില്‍ ഇന്നലെ ഉണ്ടായ അപകടത്തില്‍ 18 പേരാണ് മരിച്ചത്. മരിച്ചവരുടെ പോസ്റ്റമോര്‍ട്ടം നടപടികള്‍ പതിനൊന്ന് മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ ആരംഭിച്ചു.
മരിച്ച 18 പേരില്‍ 8 പേര്‍ കോഴിക്കോട് സ്വദേശികളാണ്. ആറുപേര്‍ മലപ്പുറം സ്വദേശികളും രണ്ടുപേര്‍ പാലക്കാട് സ്വദേശികളുമാണ്. അപകടത്തില്‍ മരിച്ചവരില്‍ വിമാനം നിയന്ത്രിച്ച രണ്ട് പൈലറ്റുമാരും ഉള്‍പ്പെടുന്നു. നിലവില്‍ 149 പേര്‍ ചികിത്സയിലുണ്ട്. 23 പേരെ ഡിസ്ചാര്‍ജ് ചെയ്തു.











