മുംബൈ: റിസര്‍വ് ബാങ്കിന്റെ നയപ്രഖ്യാപനങ്ങള്‍ ഓഹരി വിപണിക്ക് ഉണര്‍വ് പകര്‍ന്നു. 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ സെന്‍സെക്‌സ് 362 പോയിന്റ് മുന്നേറി. 30 ഓഹരികള്‍ ഉള്‍പ്പെട്ട നിഫ്‌റ്റി 98 പോയിന്റ് നേട്ടം രേഖപ്പെടുത്തി.
38,025 പോയിന്റിലാണ് സെന്‍സെക്‌സ് ഇന്ന് ക്ലോസ് ചെയ്‌തത്. 38,221 പോയിന്റ് വരെ വ്യാപാരത്തിനിടെ സെന്‍സെക്‌സ് ഉയര്‍ന്നിരുന്നു. 11,200ലാണ് നിഫ്‌റ്റി വ്യാപാരം അവസാനിപ്പിച്ചത്. 11,256.80 പോയിന്റ് വരെ വ്യാപാരത്തിനിടെ എത്തിയിരുന്നു.
റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഇന്നത്തെ പ്രഖ്യാപനങ്ങളോട് ആവേശത്തോടെയാണ് ഇന്ന് ഓഹരി വിപണി പ്രതികരിച്ചത്. റെപ്പോ നിരക്കും റിവേഴ്‌സ് റിപ്പോ നിരക്കും മാറ്റമില്ലാതെ തുടരാനാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. നാല് ശതമാനമാണ് നിലവിലുള്ള റെപ്പോ നിരക്ക്. പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരക്ക് താഴ്‌ത്തുക റിസര്‍വ് ബാങ്കിന് സാധ്യമായ കാര്യമല്ല. ധനലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ പിന്നാലെ വരുമെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ് പ്രഖ്യാപിച്ചത്. ഇതും വിപണിക്ക് ഉത്തേജനം പകരുന്ന തീരുമാനമാണ്.
ടാറ്റാ സ്റ്റീല്‍, ഇന്‍ഫോസിസ്, ഗെയില്‍, ബജാജ് ഫിനാന്‍സ്, യുപിഎല്‍ എന്നിവയാണ് ഏറ്റവും നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ടാറ്റ സ്റ്റീല്‍ 3.81 ശതമാനമാണ് ഇന്ന് ഉയര്‍ന്നത്. മെറ്റല്‍, ഐടി, ഫാര്‍മ ഓഹരികളാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
നിഫ്‌റ്റി മെറ്റല്‍ സൂചിക 1.62 ശതമാനവും ഐടി സൂചിക 1.78 ശതമാനവും ഉയര്‍ന്നു. എന്‍ഐഐടി ടെക്‌നോളജീസ് 6.09 ശതമാനമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ ഒരു മാസം കൊണ്ട് 42 ശതമാനമാണ് ഈ ഓഹരിയിലുണ്ടായ മുന്നേറ്റം. ഇന്‍ഫോസിസ് കഴിഞ്ഞ ഒരു മാസത്തിനിടെ 27 ശതമാനം ഉയര്‍ന്നു.
നിഫ്‌റ്റി ഫാര്‍മ സൂചിക 1.24 ശതമാനം രേഖപ്പെടുത്തി. അര്‍ബിന്ദോ ഫാര്‍മ, ടോറന്റ് ഫാര്‍മ, ദിവിസ് ലാബ്, സിപ്ല, സണ്‍ ഫാര്‍മ എന്നീ ഫാര്‍മ ഓഹരികള്‍ ഇന്ന് 52 ആഴ്‌ചത്തെ പുതിയ ഉയര്‍ന്ന വില രേഖപ്പെടുത്തി. അര്‍ബിന്ദോ ഫാര്‍മ ഇന്ന് 6.25 ശതമാനമാണ് ഉയര്‍ന്നത്.
ഏയ്‌ഷര്‍ മോട്ടോഴ്‌സ്, ശ്രീ സിമന്റ്‌സ്, അദാനി പോര്‍ട്‌സ്, മഹീന്ദ്ര & മഹീന്ദ്ര, ഡോ.റെഡ്‌ഢീസ് ലാബ് എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട 5 ഓഹരികള്‍.



















