തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയെന്ന ബോധം വന്നതുകൊണ്ടാണ് മുഖ്യമന്ത്രി മറ്റുള്ളവരെ പഴി പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അശാസ്ത്രീയ സമീപനങ്ങളും അലംഭാവവും വീമ്പ് പറച്ചിലും കാരണമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാളിച്ച സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷ കക്ഷികളും അവര്‍ നേതൃത്വം കൊടുക്കുന്ന ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജനപ്രതിനിധികളും സജീവമാണ്. കോവിഡ് പ്രതിരോധം അവതാളത്തിലായി എന്ന് മുഖ്യമന്ത്രി തുറന്നു പറഞ്ഞിട്ടുണ്ട്. അതിന് അദ്ദേഹം ആരോഗ്യപ്രവര്‍ത്തകരേയും ഉദ്യോഗസ്ഥരേയുമാണ് കുറ്റപ്പെടുത്തിയത്. എന്നാല്‍ വൈകുന്നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പ്രതിപക്ഷത്തെ വിമര്‍ശിച്ചു. പ്രതിപക്ഷം സമരം ചെയ്തതുകൊണ്ടാണ് രോഗവ്യാപനം ഉണ്ടാവുന്നതെന്ന ധ്വനിയിലാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
കഴിവില്ലാത്ത ഒരാള്‍ പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തം മറ്റൊരാളുടെ തലയില്‍ കെട്ടിവെക്കുന്ന രസകരമായ കാഴ്ചയാണ് ബുധനാഴ്ചത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ കണ്ടത്. രണ്ട് മന്ത്രിമാരെ മൂക സാക്ഷികളാക്കി മുഖ്യമന്ത്രി ഒരു മണിക്കൂര്‍ സാരോപദേശം നടത്തുമ്ബോഴും കോവിഡിന്റെ മറവില്‍ അഴിമതിയും കൊള്ളയും നിര്‍ബാധം നടക്കുകയാണെന്നും അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസ് ആണെന്നും ചെന്നിത്തല ആരോപിച്ചു.
രക്ഷകന്‍ ചമഞ്ഞ് പ്രഭാഷണം നടത്തിയ ശേഷം സ്വന്തം അനുയായികള്‍ക്ക് കൊള്ളയടിക്കാനായി കേരളത്തിന്റെ വാതില്‍ തുറന്നുകൊടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. കേരളം കോവിഡ് പ്രതിരോധത്തില്‍ മുമ്പിലാണെന്ന് കാണിക്കാനായി പരിശോധനകള്‍ കുറച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.