തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ ഡി.ജി.പിയുടെ പുതിയ മാര്‍ഗ നിര്‍ദേശം. വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും മാര്‍ക്കറ്റുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ സര്‍ക്കുലര്‍.
100 സ്ക്വയര്‍ ഫീറ്റുള്ള സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരേ സമയം ആറ് ഉപഭോക്താക്കളെ മാത്രമേ അനുവദിക്കൂ. 200 സ്ക്വയര്‍ ഫീറ്റുള്ള വലിയ സൂപ്പര്‍മാര്‍ക്കാണെങ്കില്‍ 12 പേരെ അനുവദിക്കും എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ബാങ്കുകള്‍ ഉപഭോക്താക്കളെ സമയം മുന്‍കൂട്ടി അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനൊപ്പം എസ്.ഐമാര്‍ അടക്കമുള്ളവര്‍ ഇക്കാര്യങ്ങള്‍ ഉറപ്പു വരുത്തണം. സാമൂഹ്യ അകലം ഉറപ്പാക്കാനായി കടകള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും മുന്നില്‍ കളങ്ങള്‍ വരയ്ക്കണം എന്നും ഡി.ജി.പി നിര്‍ദ്ദേശിക്കുന്നു.
കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡി.ജി.പി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കാന്‍ ഐ.ജി മുതലുളള ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.