കൊച്ചി: കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിധേയപ്പെട്ടിരിക്കുന്ന മുംസ്ലീംലിഗിന്റെ നിലപാടുകള്‍ക്കെതിരെ എ.എ റഹീം രംഗത്ത്. ലീഗ് വിധേയത്വത്തിന്റെ കരുത്തിലാണ് കോണ്‍ഗ്രസ് മതേതര ഇന്ത്യയോട് കൊടും ചതികള്‍ ചെയ്തതെന്നം ഇന്നും അത് തുടരുന്നതെന്നും റഹീം കുറ്റപ്പെടുത്തി.
അയോധ്യയില്‍ രാമക്ഷേത്ര ഭൂമിപൂജയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് റഹീം കോണ്‍ഗ്രസിനെയും മുസ്ലീം ലീഗിനെയും വിമര്‍ശിച്ചത്. ഏറെക്കാലമായി ആര്‍എസ്എസ് ആശയങ്ങള്‍ പിന്തുടരുന്ന കോണ്‍ഗ്രസിന് അതിനുള്ള ബാലന്‍സിങ് മുഖാവരണം മാത്രമാണ് ലീഗെന്നും റഹീം തുറന്നടിച്ചു. ലീഗിന് ഒന്നുകില്‍ പ്രിയങ്കാഗാന്ധിക്കൊപ്പം ജയ് ശ്രീംറാം വിളിച്ച് മഹത്തായ വിധേയത്വം തുടരാം അല്ലെങ്കില്‍ നട്ടെല്ലോടെ നിവര്‍ന്നു നില്‍ക്കാമെന്നും റഹീം കൂട്ടിച്ചേര്‍ത്തു.
പോസ്റ്റിന്റെ പൂര്‍ണരൂപം
#നട്ടെല്ല്.
പ്രധാനമന്ത്രിയും ആർഎസ്എസ് സർസംഘചാലകും ശിലാന്യാസ വേദിയിൽ.
ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യം സരയുവിന്റെ തീരത്ത് വീണ്ടും തലകുനിച്ചു നിൽക്കുന്നു.
1992 ൽ തകർത്തിട്ട മിനാരങ്ങൾക്കു മുകളിൽ ക്ഷേത്രത്തിന്റെ ശിലാന്യാസം ആർഎസ്എസ് നിർവഹിക്കുന്നു.
പണ്ടൊരിക്കൽ അടച്ചിട്ട പള്ളിക്കകത്ത് ആദ്യമായി രാമക്ഷേത്രത്തിന്
ശില പാകിയത് കോൺഗ്രസ്സിന്റെ
മേൽ നോട്ടത്തിൽ.
അന്നത്തെ പ്രധാന മന്ത്രി രാജീവ് ഗാന്ധി.അദ്ദേഹത്തിന്റെ ആ പൈതൃകം പ്രിയങ്ക ഇപ്പോൾ അഭിമാനത്തോടെ ഓർക്കുന്നു.
കോൺഗ്രസ്സ് നേതൃത്വമാകെ,
ദിഗ്‌വിജയ് സിങ്ങും കമൽ നാഥും മുതൽ
കെ മുരളീധരൻ വരെ ആർഎസ്എസിനൊപ്പം ആവേശ ഭരിതരാകുന്നു.
ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് പതിറ്റാണ്ടുകളായി കോൺഗ്രസ്സിന്റെ ചിറകിനടിയിലാണ്. ഇനിയും എത്ര നാൾ…?
നിങ്ങളുടെ വിനീത വിധേയത്വത്തിന്റെ കൂടി കരുത്തിലാണ് കോൺഗ്രസ്സ് മതേതര ഇന്ത്യയോട് കൊടും ചതികൾ ചെയ്തത്, ഇപ്പോഴും തുടരുന്നതും….
ഓർക്കുക, കോൺഗ്രസ്സിനോടല്ല അപകടകരമായ അവരുടെ വർഗീയതയോടെയാണ് നിങ്ങളുടെ
ഈ ലജ്ജിപ്പിക്കുന്ന വിധേയത്വം.
ആർഎസ്എസിന്റെ ആശയങ്ങളാണ് കോൺഗ്രസ്സും ഏറെക്കാലമായി പിന്തുടരുന്നത്. അതിനുള്ള ഒരു ബാലൻസിംഗ് മുഖാവരണം മാത്രമാണ് അവർക്ക് ലീഗ് ബാന്ധവം.
ലീഗിന് രണ്ട് വഴികളെ ഉള്ളൂ… പ്രിയങ്കയ്ക്കൊപ്പം ഉച്ചത്തിൽ ജയ് ശ്രീറാം വിളിച്ചു “മഹത്തായ വിധേയത്വം” ഇനിയും ആവർത്തിക്കാം.
അല്ലെങ്കിൽ നട്ടെല്ലോടെ നിവർന്നു നിൽക്കാം.
1992 ഡിസംബർ 6 കലണ്ടറിൽ ലീഗിന് കുറ്റബോധത്തിന്റെ ദിനമാണ്. ഇനി ഒരു ദിനം കൂടി ചേർത്തുവയ്ക്കാം… ആഗസ്റ്റ് 5.











