ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് പിന്നാലെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരെ ബംഗളൂരു മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാമത്തെ മകള്‍ക്കാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി 11.29ന് തനിക്ക് കോവിഡ് പോസ്റ്റീവ് ആണെന്ന് യെദ്യൂരപ്പ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ‘എനിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഞാന്‍ സുഖമായിരിക്കുന്നു. എങ്കിലും,ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം, മുന്‍കരുതലിന്റെ ഭാഗമായി എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ്. അടുത്തിടെ എന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷിക്കാനും സ്വയം ക്വാറന്റൈനില്‍ പോകാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’ എന്നാണ് അദ്ദേഹം കുറിച്ചത്.
I have tested positive for coronavirus. Whilst I am fine, I am being hospitalised as a precaution on the recommendation of doctors. I request those who have come in contact with me recently to be observant and exercise self quarantine.
— B.S. Yediyurappa (@BSYBJP) August 2, 2020
തിങ്കളാഴ്ച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്താനിരിക്കെ ആയിരുന്നു യെദ്യൂരപ്പയ്ക്ക് കോവിഡ് പോസിറ്റീവ് ആയത്. ശനിയാഴ്ച്ച ഡോ. കെ. കസ്തൂരിരങ്കന്‍, ഡി.സി.എം അശ്വത് നാരായണന്‍, ബി.ജെ.പി ജനറല്‍ സെക്രട്ടറി എന്‍ രവികുമാര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരെ നിരീക്ഷണത്തിലാണ്.
കർണാടകത്തിൽ ശനിയാഴ്ച വരെ 5,172 പേർക്കാണ് കോവിഡ് രോഗബാധയുണ്ടായത്. 98 പേര്‍ മരിച്ചു. ബംഗളുരുവിൽ മാത്രം 1,852 പേർക്ക് രോഗബാധയുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 27 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. മൈസുരുവിൽ 365 പേർക്ക് രോഗബാധയുണ്ടായി. ഇതോടെ ആകെ ചികിത്സയിൽ ഉള്ളവർ 73,219 ആയി. 1,29,287 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ആകെ മരണം 2412 ആണ്.