ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയുടെ തടങ്കല്‍ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. വീട്ടുതടങ്കല്‍ അവസാനിക്കാന്‍ അഞ്ച് ദിവസം ബാക്കി നില്‍ക്കെയാണ് കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിട്ടത്.
കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ പൊതുസുരക്ഷാ നിയമം ചുമത്തിയതിനെ തുടര്‍ന്ന് മെഹ്ബൂബ മുഫ്തിയടക്കമുളള നിരവധി രാഷ്ട്രീയ നേതാക്കള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചു മുതല്‍ വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു.
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള മകന്‍ ഒമര്‍ അബ്ദുള്ള തുടങ്ങിയവരും തടങ്കലിലായിരുന്നു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഇവരുടെ മേല്‍ ചുത്തിയ പൊതുസുരക്ഷാ നിയമം പിന്‍വലിച്ചിരുന്നു.
അതേസമയം, പീപ്പിള്‍സ് കോണ്‍ഫറന്‍സ് മേധാവി സജാദ് ലോണിനെ തടങ്കലില്‍ നിന്ന് മോചിപ്പിച്ചു. ഓഗസ്റ്റ് അഞ്ചിന് കാലാവധി അവസാനിക്കാനിരിക്കെയാണ് ഇദ്ദേഹത്തെ മോചിപ്പിച്ചത്. എട്ട് മാസം സര്‍ക്കാര്‍ തടങ്കലില്‍ കഴിഞ്ഞ ശേഷം ഏപ്രില്‍ ഏഴിനാണ് മെഹ്ബൂബ മുഫ്തിയെ വീട്ടിലേക്ക് മാറ്റിയത്.