നാളെമുതല്‍ സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ പഴയ നിരക്കില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. 206 സര്‍വീസുകളാണ് ആരംഭിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുളള പ്രദേശത്ത് നിന്നാണ് സര്‍വീസുകള്‍ നടത്തുക. തിരുവനന്തപുരത്ത് തമ്പാനൂരിനുപകരം ആനയറയില്‍ നിന്നാകും സര്‍വീസുകള്‍ ആരംഭിക്കുക. എന്നാല്‍ അന്യസംസ്ഥാനത്തേക്കുളള സര്‍വീസുകള്‍ ഇപ്പോള്‍ ഉണ്ടാവില്ല.
‘പൊതുഗതാഗതം ഉണ്ടാവില്ല എന്ന നിലപാടില്‍ ജനങ്ങള്‍ എത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ ജനങ്ങള്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുമെന്ന നിലപാടിലേക്ക് ബസുടമകള്‍ എത്തണം. യാത്രക്കാര്‍ ബസുകളെ ആശ്രയിക്കുക എന്ന രീതി കൊവിഡ് കാലത്ത് കുറഞ്ഞു. കൂടുതല്‍പ്പേര്‍ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കിലും സര്‍വീസ് നടത്താന്‍ കെ എസ് ആര്‍ ടി സി തീരുമാനിച്ചത്’- മന്ത്രി പറഞ്ഞു. ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി സ്വകാര്യ ബസുടമകള്‍ക്കായി ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.











