നടന്‍ സുശാന്ത് സിങിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് നടന്റെ മുന്‍കാമുകിയും നടിയുമായ അങ്കിത ലൊഖാന്‍ഡെ. സുശാന്തിനെ വര്‍ഷങ്ങളായി തനിക്ക് അറിയാമെന്നും അദ്ദേഹത്തിന് വിഷാദരോഗം ഉണ്ടായിരുന്നില്ലെന്നും അങ്കിത പറഞ്ഞു. റിപബ്ലിക് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അങ്കിത ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
‘ ഇതിനേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ച വ്യക്തിയാണ് സുശാന്ത്. അതെല്ലാം നേരിട്ട് കണ്ട വ്യക്തി എന്ന നിലയില്‍ എനിക്ക് ഉറച്ച് പറയാനാകും, അദ്ദേഹത്തിന് വിഷാദം ഇല്ലെന്ന്… ഞങ്ങള്‍ ഒരുമിച്ചിരുന്ന സമയങ്ങളില്‍ എല്ലാം ജീവിതത്തെ ഏറെ പ്രതീക്ഷയോടെയാണ് സുശാന്ത് കണ്ടിരുന്നത്. അദ്ദേഹത്തിന്റെ ഡയറിയില്‍ അഞ്ച് ആഗ്രഹങ്ങള്‍ അന്ന് കുറിച്ചിട്ടിരുന്നു. ചെറിയ കാലയളവില്‍ തന്നെ അതെല്ലാം നേടിയെടുക്കാന്‍ സുശാന്തിന് കഴിഞ്ഞു. ഒരിക്കലും അദ്ദേഹത്തിന് ആത്മഹത്യ ചെയ്യാനാകില്ല. ചെറിയ വിഷമങ്ങളും പ്രശ്‌നങ്ങളും ഉണ്ടായിരിക്കാം. അതിനെ വിഷാദം എന്ന് വിളിക്കുമ്പോള്‍ ഹൃദയം തകരുകയാണ്. എന്തൊക്കെയോ ദൂരൂഹതകള്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.’-അങ്കിത പറഞ്ഞു.
പവിത്ര റിഷിത എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിക്കുന്ന സമയത്താണ് അങ്കിതയും സുശാന്തും അടുക്കുന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ശഏഷം 2016ല്‍ ആണ് ഇരുവരും വേര്‍പിരിഞ്ഞത്. തുടര്‍ന്ന് റിയ ചക്രബര്‍ത്തിയുമായി സുശാന്ത് അടുക്കുകയായിരുന്നു. റിയയും കുടുംബവും ആണ് തന്റെ മകനെ ഈ നിലയില്‍ ആക്കിയതെന്നാണ് സുശാന്തിന്റെ പിതാവ് കെ.കെ സിങ് ആരോപിക്കുന്നത്. നടിക്കെതിരെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്. റിയയുമായി പ്രണയം തുടങ്ങിയപ്പോഴാണ് സുശാന്തിന് പ്രശ്‌നങ്ങള്‍ തുടങ്ങിയെന്നും സുശാന്തിന്റെ പണം തട്ടിയെടുത്തതായും പിതാവ് പരാതിയില്‍ ആരോപിക്കുന്നു.