തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും വാഹനാപകടത്തില്‍ മരിച്ച കേസ് സിബിഐ ഏറ്റെടുത്തു. കേരളാ പോലീസിന്റെ കൈയ്യില്‍ നിന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐ കേസില്‍ എഫ്‌ഐആര്‍ ഇട്ടു. കേസ് സിബിഐക്ക് കൈമാറാന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.
ബാലഭാസ്‌ക്കറിന്റെയും മകളുടേയും മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപകടവുമായി സ്വര്‍ണക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ ഉണ്ണി ആവശ്യപ്പെട്ടിരുന്നു.
2018 ഓക്ടോബര്‍ രണ്ടിനാണ് അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലഭാസ്‌ക്കര്‍ മരിക്കുന്നത്. സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. മകള്‍ തേജസ്വിനി ബാല സംഭവ സ്ഥലത്തുതന്നെ മരിച്ചു.











