മക്ക: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഹാജിമാര്‍ ഇന്ന് അറഫയില്‍ സംഗമിക്കും. ലോകത്തെ ഏറ്റവും വലിയ മാനവ സംഗമമായാണ് അറഫാ സംഗമം കണക്കാക്കപ്പെടുന്നതെങ്കിലും ഈ വര്‍ഷം കോവിഡ് പശ്ചാത്തലത്തില്‍ വളരെ കുറഞ്ഞ ഹാജിമാരാണ് അറഫാത്തില്‍ സമ്മേളിക്കുക. സ്ഫുടം ചെയ്ത ഹൃദയവുമായി അനുഗ്രഹങ്ങളുടെ കേദാരമായ വിശുദ്ധ മക്കയില്‍ പ്രാര്‍ഥനയില്‍ കഴിഞ്ഞുകൂടിയിരുന്ന ഹാജിമാര്‍ മിനായിലെ ടെന്റെുകള്‍ക്ക് പകരമായുള്ള കെട്ടിടങ്ങളില്‍നിന്നാണ് അറഫാ സംഗമത്തിനെത്തുക. അറഫാ സംഗമമാണ് ഹജ്ജിന്റെ പ്രധാന കര്‍മം.
ആളാരവങ്ങളില്ലെങ്കിലും മിനാ താഴ്വാരം തല്‍ബിയത്തില്‍ അലിഞ്ഞു ചേര്‍ന്ന ദിനമായിരുന്നു ഇന്നലെ. അറഫയിലെത്തിയ ഹാജിമാര്‍ മസ്ജിദുന്നമിറയിലും കാരുണ്യ മലയായ ജബലുറഹ്മയിലും പ്രാര്‍ഥനാ നിരതരായി കഴിഞ്ഞുകൂടും. ഇന്ന് ഉച്ചയോടെ ആരംഭിക്കുന്ന അറഫാ സംഗമത്തില്‍ സൂര്യാസ്തമനം വരെ തീര്‍ത്ഥാടകര്‍ പ്രാര്‍ഥനാ നിര്‍ഭരരാകും. രാത്രിയാകുന്നതോടെ ഹജ്ജിന്‍റെ അടുത്ത ഘട്ടമായ മുസ്ദലിഫയിലേക്ക് രാപാര്‍ക്കാന്‍ നീങ്ങും. മുസ്ദലിഫയില്‍നിന്ന് ജംറയില്‍ എറിയുന്നതിനുള്ള കല്ലുകള്‍ ശേഖരിക്കും. ഇതിനായി അണുവിമുക്തമാക്കിയ കല്ലുകള്‍ തയാറാക്കിയിട്ടുണ്ട്. തുടര്‍ന്നു നാളെ രാവിലെ ജംറയില്‍ ആദ്യ ദിവസത്തെ കല്ലേറ് കര്‍മത്തിലും ബലികര്‍മത്തിലും പങ്കെടുക്കും. ഇതോടെ ഹജ്ജിന്റെ പ്രധാന കര്‍മങ്ങള്‍ക്ക് പരിസമാപ്തി കുറിക്കും.
പ്രവാചകന്റെ അറഫാ പ്രഭാഷണത്തെ അനുസ്മരിച്ച് അറഫയിലെ ചരിത്ര പ്രസിദ്ധമായ മസ്ജിദുന്നമിറയില്‍ സഊദി ഉന്നത പണ്ഡിത സഭാംഗവും റോയല്‍ കോര്‍ട്ട് ഉപദേശകരില്‍ പ്രധാനിയുമായ ശൈഖ് അബ്ദുല്ല അല്‍ മനീഅ് പ്രഭാഷണം നടത്തും.