കോവിഡ് പരിശോധന മാനദണ്ഡങ്ങളിൽ ഒമാൻ മാറ്റം വരുത്തി. പുതിയ രീതിയിൽ സൗജന്യ കോവിഡ് പരിശോധന ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികളിൽ പ്രവേശിക്കപ്പെട്ട രോഗികൾക്കും മാത്രമായി പരിമിതപ്പെടുത്തി. കോവിഡ് രോഗ ലക്ഷണങ്ങളുള്ളവർ 10 ദിവസം സ്വയം ഐസൊലേഷനില്‍ പോവുകയാണ് വേണ്ടതെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
ജലദോഷമുള്ളവരും സ്വയം ഐസൊലേറ്റ് ചെയ്യണം. കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെ പരിശോധനയില്ലാതെ തന്നെ പോസിറ്റീവ് കേസ് ആയി പരിഗണിക്കുകയും ഹെൽത്ത്കെയർ സംവിധാനത്തിൽ പേര് ചേർക്കുകയും ചെയ്യും. കടുത്ത ജലദോഷം, 38 ഡിഗ്രിക്ക് മുകളിൽ പനി, ചുമ, ശ്വാസ തടസം എന്നിവയാണ് കോവിഡ് ലക്ഷണങ്ങൾ. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട വിധത്തിലുള്ള ഗുരുതര രോഗ സാഹചര്യങ്ങളില്ലെങ്കിൽ ഈ ലക്ഷണങ്ങളുള്ളവർ പരിശോധനകളില്ലാതെ തന്നെ പത്ത് ദിവസത്തെ ഐസൊലേഷന്‍ പൂർത്തീകരിക്കുകയാണ് വേണ്ടതെന്നും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു റിപ്പോർട്ടിൽ പറയുന്നു .
രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവരും ഇതേ നടപടിക്രമങ്ങൾ പിന്തുടരണം. ആരോഗ്യ സ്ഥിതി വഷളാകുന്ന പക്ഷം ഹോസ്പിറ്റലിലേക്ക് റെഫർ ചെയ്യും. ആരോഗ്യ മേഖലയിലെ ജീവനക്കാർക്കും നിലവിൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നവർക്കും മാറ്റം ബാധകമല്ല. കോവിഡ് പോസിറ്റീവ് ആയാൽ നൽകാൻ പ്രത്യേക ചികിത്സയില്ല. ഗുരുതരാവസ്ഥയിൽ കൂടുതൽ പരിചരണം നൽകും. ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾ പിന്തുടരുന്ന ആരോഗ്യ നയമാണിതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.