ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു. ആലുവ പുളിഞ്ചുവട് സ്വകാര്യ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ വിജയൻ എന്നയാളാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. ബന്ധുക്കൾ ഇതുവരെ എത്തിയിട്ടില്ല. ശ്വാസംമുട്ടും ചുമയും അനുഭവപ്പെട്ട ഇയാളെ ഫ്ലാറ്റ് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ഇന്ന് സ്വകാര്യ ആംബുലൻസ് എത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. രാവിലെ 9.15ന് എത്തിയ രോഗി പത്ത് മണിയോടെ ആംബുലൻസിൽ തന്നെ മരിച്ചു.
ആദ്യം അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും രോഗ ലക്ഷണങ്ങൾ പറഞ്ഞതോടെ പനി പരിശോധന വിഭാഗത്തിലേക്ക് പറഞ്ഞ് വിട്ടു. അവിടെ വൈദ്യുതി ഇല്ലാത്തതിനാൽ കോവിഡ് ഐസൊലേഷൻ വിഭാഗത്തിലേക്ക് അയച്ചു. ആരോഗ്യ പ്രവർത്തകർ പി.പി കിറ്റ് ധരിച്ച് എത്തിയപ്പോഴേക്കും വാഹനത്തിന് അകത്ത് വച്ച് തന്നെ രോഗി മരണപ്പെട്ടു ഫ്ലാറ്റിൽ നിന്നും നടന്ന് ആംബുലൻസിൽ കയറിയ ആളാണ് മരിച്ചത്.
ഇയാളുടെ സ്രവം കോവിഡ് പരിശോധനക്ക് അയക്കാനുള്ള നടപടികളാരംഭിച്ചു. റെഡ് സോണിൽ നിന്ന് ലക്ഷണങ്ങളുമായി വരുന്നവർ നേരിട്ട് കോവിഡ് ഐസ ലോഷൻ വിഭാഗത്തിലേക്കാണ് പോകേണ്ടതെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ടെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് പറഞ്ഞു. നേരിട്ട് അത്യാഹിത വിഭാഗത്തിലെത്തുന്നത് മറ്റു രോഗികൾക്ക് രോഗ പകർച്ചക്ക് കാരണമാകുമെന്നും അവർ പറഞ്ഞു.