കൊച്ചി: കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പത്മശ്രീയുടെ ശുപാര്‍ശ പട്ടികയില്‍ നിന്ന് മനപൂര്‍വ്വം പേര് വെട്ടിയെന്ന ആരോപണവുമായി നടന്‍ ജി.കെ പിള്ള രംഗത്ത്. പട്ടികയിലുണ്ടായിരുന്ന തന്റെ പേര് വെട്ടി പകരം നടന്‍ മധുവിനെ ഉള്‍പ്പെടുത്തിയെന്നും അന്നത്തെ എംഎല്‍എ പാലോട് രവിയാണ് ഇതിന് പിന്നിലെന്നും ജി.കെ പിള്ള തുറന്നടിച്ചു.
ഒരു മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജി.കെ പിള്ളയുടെ വെളിപ്പെടുത്തല്‍. 2012ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും വി.എം സുധീരന്‍ കെപിസിസി പ്രസിഡന്റുമായിരുന്ന കാലത്താണ് പത്മശ്രീ നല്‍കാനുള്ള ശുപാര്‍ശ പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയതെന്നും എന്നാല്‍ പാലോട് രവി ഉമ്മന്‍ചാണ്ടിയെ സ്വാധീനിച്ച് തന്നേക്കാള്‍ ഒന്‍പത് വര്‍ഷം കഴിഞ്ഞ് സിനിമയില്‍ വന്ന മധുവിന് തനിക്ക് പകരം പട്ടികയില്‍ സ്ഥാനം നല്‍കിയെന്നും ജി.കെ പിള്ള ആരോപിച്ചു.
മധു മികച്ച നടനും പുരസ്‌ക്കാരത്തിന് അര്‍ഹനുമാണ്. എന്നാല്‍ തന്റെ പേര് വെട്ടിമാറ്റി വേണമായിരുന്നോ ഇതെന്നും അദ്ദേഹം ചോദിക്കുന്നു. കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിച്ച തന്നെ ഒരു നേതാവും ഇതുവരെ തിരിഞ്ഞു നോക്കയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
രമേശ് ചെന്നിത്തലയുടെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പിലും പ്രസംഗിച്ചിരുന്ന വ്യക്തിയാണ് താനെന്നും ജി.കെ പിള്ള പറഞ്ഞു. അതേസമയം താന്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച ഇടതുപക്ഷം തന്നോട് കാണിക്കുന്ന സ്‌നേഹവും അംഗീകാരവും വളരെ വലുതാണെന്നും ജി.കെ പിള്ള കൂ്ട്ടിച്ചേര്‍ത്തു.