കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനോട് വീണ്ടും ഹാജരാകണമെന്ന് എന്‍ഐഎ. തിങ്കളാഴ്ച്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് എന്‍ഐഎ സംഘം നോട്ടീസ് നല്‍കിയത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ശിവശങ്കറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
പേരൂര്‍ക്കട പോലീസ് ക്ലബില്‍ അഞ്ചര മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് പിന്നാലെയാണ് തിങ്കളാഴ്ച്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ എന്‍ഐഎ സംഘം നോട്ടീസ് നല്‍കിയത്. ശിവശങ്കറിന് തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത ചാനല്‍ വഴി സ്വര്‍ണം കടത്തിയതില്‍ ബന്ധമുണ്ടെന്നാണ് എന്‍ഐഎ സംശയിക്കുന്നത്.
അതേസമയം കസ്റ്റംസിന് നല്‍കിയ സമാന മൊഴിയാണ് ശിവശങ്കര്‍ എന്‍ഐഎ സംഘത്തിനും നല്‍കിയത്. കേസിലെ പ്രതികളായ സ്വപ്‌നയ്ക്കും സുഹൃത്തുക്കള്‍ക്കും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന ഒരു വിവരവും തനിക്കുണ്ടായിരുന്നില്ലെന്നാണ് ശിവശങ്കര്‍ മൊഴിയില്‍ പറയുന്നത്.
സ്വപ്നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത്. സൗഹൃദത്തിനപ്പുറം അവരുടെ ബിസിനസിനെ കുറിച്ചോ മറ്റ് ഇടപാടുകളെ കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ശിവശങ്കര്‍ മൊഴി നല്‍കിയതായാണ് സൂചന. ശിവശങ്കര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍ഐഎ സംഘം സ്വപ്നയെ വീണ്ടും ചോദ്യംചെയ്യും.