യു.എ.ഇ യിലെ എമിറേറ്റുകളില്‍ വിമാനത്താവളങ്ങളില്‍ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും പിസിആർ പരിശോധന നിർബന്ധമാക്കി. സ്വദേശികള്‍, താമസക്കാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെയുള്ള രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള എല്ലാ യാത്രക്കാർക്കും കൊവിഡ് -19 ടെസ്റ്റ് എടുക്കണം . ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ എത്തുന്നവർ നിയമം കർശനായി പാലിക്കണം. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും യുകെയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും അടക്കം യാത്ര ചെയ്യുന്നതിന് പിസിആർ ടെസ്റ്റ് നിര്ബന്ധമാണ്. അതത് വിമാനങ്ങളിൽ കയറുന്നതിന് മുമ്പ് തന്നെ പരിശോധന നടത്തുകയും വേണം.
നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റിയുടെയും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെയും സംയുക്ത പ്രസ്താവനയിലൂടെയാണ് വിവരം അറിയിച്ചത്.
പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും കൊറോണ വൈറസ് വ്യാപനം കുറയ്ക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് അനുസൃതമായാണ് ഈ പ്രഖ്യാപനം. 12 വയസ്സിന് താഴെയുള്ള കുട്ടികളെയും കഠിന വൈകല്യമുള്ളവരെയും നിർബന്ധ ടെസ്റ്റിൽ നിന്ന് ഒഴിവാക്കും. പരിശോധന തീയതി മുതൽ 96 മണിക്കൂർ വരെയാണ് കോവിഡ് ടെസ്റ്റ് റിപ്പോർട്ടിന്റെ സാധുത . യുഎഇയിൽ പ്രവർത്തിക്കുന്ന എല്ലാ എയർലൈൻ കമ്പനികളും നിയമം പാലിക്കണമെന്ന് എൻ.സി.ഇ.എം.എയും, മോഫെയ്ക്കും ആവശ്യപ്പെട്ടു.