റാഞ്ചി: ജാര്‍ഖണ്ഡില്‍ ഇനി മുതല്‍ മാസ്‌ക്ക് ധരിച്ചില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും. മാസ്‌ക്ക് ധരിക്കാത്തവര്‍ക്കും ലോക്ക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടികളുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ജാര്‍ഖണ്ഡ് മന്ത്രി സഭ പാസാക്കി. 2020 ലെ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം മാസ്‌ക്ക് ധരിക്കാത്തവര്‍ക്ക് ഒരു ലക്ഷം രൂപയും ലോക്ക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവുമാണ് ശിക്ഷ. പൊതു സ്ഥലങ്ങളില്‍ തുപ്പുന്നവര്‍ക്കും ഈ നിയമം ബാധകമാണ്.
സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത ശിക്ഷാ നടപടികളിലേയ്ക്കും നിയന്ത്രണങ്ങളിലേക്കും നീങ്ങുന്നത്. ഇതുവരെ 6,485 പേര്‍ക്കാണ് ജാര്‍ഖണ്ഡില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,024 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. 64 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്.