ഡല്‍ഹി: അസമിലെ പ്രളയക്കെടുതിയെ നേരിടാന്‍ പ്രാരംഭ തുകയായി 346 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര മന്ത്രി ഗജേന്ദ്ര ഷെഖാവത്ത് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി. ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉടന്‍ തന്നെ 346 കോടി രൂപ സര്‍ക്കാരിന് കൈമാറുമെന്ന് ഷെഖാവത്ത് ഉറപ്പ് നല്‍കി. പ്രളയകെടുതിയില്‍ അസമിലുണ്ടായ നാശനഷ്ടങ്ങളെ സംബന്ധിച്ചും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെപ്പറ്റിയും മുഖ്യമന്ത്രി കേന്ദ്ര മന്ത്രിയെ അറിയിച്ചു. അതേസമയം വരും വര്‍ഷത്തെ സംസ്ഥാന പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ അറിയിച്ച് കേന്ദ്ര മന്ത്രാലയത്തിന് കത്ത് അയക്കാനും ഷെഖാവത്ത് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ 26 ജില്ലകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നൂറിലധികം പേര്‍ക്കാണ് പ്രളയകെടുതി മൂലം ജീവന്‍ നഷ്ടമായത്. കൂടാതെ ലക്ഷകണക്കിനാളുകളാണ് കുടിയൊഴിക്കപ്പെട്ടത്. ബ്രഹ്മപുത്ര നദിയുടെ ജലനിരപ്പ് ഇപ്പോഴും അപകടകരമായ രീതിയില്‍ ഉയരുന്നുണ്ട്. അതേസമയം ചില പ്രദേശങ്ങളിലെ നദികളിലെ ജലനിരപ്പ് അപകട ഭീഷണിയില്‍ നിന്നും താഴെയായിട്ടുണ്ട്. 1,27,955 ഹെക്ടര്‍ കൃഷിഭൂമിയാണ് പ്രളയത്തില്‍ മുങ്ങിപ്പോയത്. ബര്‍പേട്ട്, ദിബ്രുഗഡ്, കൊക്രാജര്‍, ടിന്‍സുകിയ എന്നിവടങ്ങളെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. 2,678 ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു. കാസരിംഗ ദേശീയോദ്യാനത്തില്‍ നൂറോളം വന്യജീവികള്‍ കൊല്ലപ്പെട്ടുവെന്നാണ് വനംവകുപ്പിന്റെ റിപ്പോര്‍ട്ട്. അസമിലെ പ്രളയത്തെ നേരിടാന്‍ ഇന്ത്യയെ സഹായിക്കാന്‍ ഐക്യരാഷ്ട്ര സഭ തയ്യാറാണെന്നെന്നും അറിയിച്ചിരുന്നു.