തിരുവനന്തപുരം: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കീം പരീക്ഷ നടത്തിയത് വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്ന കേരള എയ്ഡഡ് ടീച്ചേഴ്‌സ് അസോസിയേഷന്‍. സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണറുടെ പിടിപ്പുകേടും ധൃതിയുമാണ് കോവിഡ് ഭീതി പടര്‍ത്താനിടയായതെന്ന് കെ.എ.ടി.എ ആരോപിച്ചു.
എസ്.എസ്.എല്‍.സി- ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യവും തള്ളുകയായിരുന്നു. അതേപോലെ തന്നെ കീം പരീക്ഷയും നടത്തി മിടുക്ക് കാണിക്കാമെന്നാണ് എന്‍ട്രന്‍സ് കമ്മീഷണര്‍ കരുതിയത്. രക്ഷിതാക്കള്‍ കൂട്ടംകൂടി നിന്നതിന്റെ പേരില്‍ കേസെടുക്കുന്ന ആഭ്യന്തര വകുപ്പിന് സമൂഹ വ്യാപനത്തിന് നേതൃത്വം കൊടുത്ത ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് കെ.എ.ടി.എ ജനറല്‍ സെക്രട്ടറി എ.വി ഇന്ദു ലാല്‍ ആവശ്യപ്പെട്ടു.
കീം പരീക്ഷ എഴുതിയ നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊല്ലത്തും തിരുവനന്തപുരത്തും കോഴിക്കോടുമായി പരീക്ഷയെഴുതിയ നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിച്ച കൊല്ലം അഞ്ചല്‍ കൈതടി സ്വദേശിനി പത്തൊന്‍പതാം തിയതി മുതല്‍ വിദ്യാര്‍ത്ഥിനി ചികിത്സയിലാണ്. തിരുവനന്തപുരം കൈമനം മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ ഇരുപതാം നമ്പര്‍ മുറിയിലാണ് വിദ്യാര്‍ത്ഥിനി കീം പരീക്ഷ എഴുതിയത്. വിദ്യാര്‍ത്ഥിനിക്കൊപ്പം യാത്ര ചെയ്ത അമ്മയ്ക്കും ബന്ധുവിനും കോവിഡ് നെഗറ്റീവ് ആണ്.
തെക്കാട് ബിഎഡ് സെന്ററില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്കും കരമന ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിയായ വിദ്യാര്‍ത്ഥിക്കുമാണ് തിരുവനന്തപുരത്ത് രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളെജില്‍ പരീക്ഷയെഴുതിയ ഒളവണ്ണ സ്വദേശിയായ വിദ്യാര്‍ത്ഥിക്കും രോഗം സ്ഥിരീകരിച്ചു. ഹാളില്‍ പരീക്ഷയെഴുതിയ 20 പേരെയും ഇന്‍വിജിലേറ്റര്‍മാരെയും വോളണ്ടിയര്‍മാരെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ കുട്ടിക്കൊപ്പമെത്തിയ രക്ഷിതാവിന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പരീക്ഷ തീരും വരെ മണക്കാട് സ്വദേശിയായ ഇയാള്‍ സ്‌കൂളിന് മുന്നില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പരീക്ഷ കേന്ദ്രത്തിലെത്തിയ എല്ലാ രക്ഷിതാക്കളോടും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കോവിഡ് വ്യാപനത്തിനിടെ പരീക്ഷ നടത്തുന്നതിനെ എതിര്‍ത്ത് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച തിരുവനന്തപുരത്തെ പരീക്ഷ കേന്ദ്രങ്ങളെല്ലാം തിങ്ങിനിറഞ്ഞ അവസ്ഥയായിരുന്നു.