തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഇന്ന് രണ്ടാമത്തെ ക്രൂചെയ്ഞ്ചിന് സാക്ഷ്യം വഹിക്കും. എവര്‍ ഗ്രീന്‍ ഗ്രൂപ്പിന്റെ മറ്റൊരു കൂറ്റന്‍ കണ്ടെയ്‌നറായ ‘എവര്‍ ഗിഫ്റ്റഡ്’ ആണ് വിഴിഞ്ഞം പുറംകടലില്‍ നങ്കൂരമിടുന്നത്. നെതര്‍ലാന്‍ഡില്‍ നിന്നും കൊളംബോയിലേക്ക് പോകുന്ന കപ്പലില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 12 പേരുണ്ട്. ഇവര്‍ വിഴിഞ്ഞത്ത് ഇറങ്ങുകയും രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അത്രയും പേര്‍ തിരിച്ച് കപ്പലിലേക്ക് കയറുകയും ചെയ്യും. രാജസ്ഥാന്‍ സ്വദേശിയാണ് കപ്പിലിലെ ക്യാപ്റ്റന്‍.
വലിയതുറ കേന്ദ്രമായ ഡോവിന്‍സ് റിസോഴ്‌സ് പ്രൈ ലി. ഏജന്‍സി മുഖാന്തിരം എത്തുന്ന കപ്പലിലെ ക്രൂ ചേഞ്ചിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് തുറമുഖ ഓഫീസര്‍ ക്യാപ്റ്റന്‍ ഹരി അച്യുത വാര്യര്‍, കണ്‍സര്‍വേറ്റര്‍ എസ് കിരണ്‍ എന്നിവര്‍ അറിയിച്ചു.
കഴിഞ്ഞയാഴ്ച്ച എവര്‍ഗ്രീന്‍ ഗ്രൂപ്പിന്റെ എവര്‍ ഗ്ലോബ് ആണ് വിഴിഞ്ഞത്ത് ആദ്യ ക്രൂചെയ്ഞ്ച് നടത്തിയത്. 2.2 ലക്ഷം ടണ്‍ ഭാരമുള്ള കപ്പലാണ് എവര്‍ ഗ്ലോബില്‍ നിന്നും മലയാളികള്‍ ഉള്‍പ്പെടെ 13 പേരാണ് കരയിലേക്ക് ഇറങ്ങിയത്. അവസാന നിമിഷം ക്രൂചെയ്ഞ്ചിന് ഇമിഗ്രേഷന്‍ വകുപ്പിന്റെ അനുമതി ലഭിക്കാതെ വരുകയും പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയുമായിരുന്നു.