അഖില്‍-ഡല്‍ഹി
ന്യൂഡല്‍ഹി, നമ്മുടെ രാജ്യതലസ്ഥാനം ജനിച്ചത് ഈ മൈതാനത്തിലാണ്. 1911-ല്‍ അന്നത്തെ ബ്രിട്ടീഷ് രാജാവ് ജോര്‍ജ് അഞ്ചാമന്‍ ഡല്‍ഹി ദര്‍ബാറില്‍ പങ്കെടുത്ത ചെറുതും വലുതുമായ നാട്ടുരാജാക്കന്മാരെ മുന്‍ നിര്‍ത്തി പ്രഖ്യാപിച്ചു, ‘ഇന്ത്യയുടെ രാഷ്ട്രീയഭരണ തലസ്ഥാനം ഇനി കല്‍ക്കത്തയല്ല ഡല്‍ഹിയാണ്’. 1911-ല്‍ ഡിസംബര്‍ 12-ന് നടത്തിയ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിക്കാന്‍ ഡല്‍ഹിയില്‍ ഒരു വലിയ ജനാവലിയും (ഏകദേശം 25000 പേര്‍) സന്നിഹിതരായിരുന്നു. ജോര്‍ജ് അഞ്ചാമനും ഭാര്യ മേരി രാജ്ഞിയും നേരിട്ട് പങ്കെടുത്തിരുന്നു പ്രഖ്യാപന ചടങ്ങില്‍. ഡല്‍ഹിയിലെ ബുരാടി ബൈപ്പസിനോട് ചേര്‍ന്ന അതിവിശാലമായ ഈ മൈതാനം വര്‍ഷങ്ങളോളം കാടുപിടിച്ച് അവഗണിക്കപ്പെട്ടു കിടന്നു. ന്യൂഡല്‍ഹിയുടെ സ്ഥാപനത്തിന്റെ 100-ാം വാര്‍ഷീകത്തില്‍ 2011-ല്‍ അന്നത്തെ മുഖ്യമന്ത്രി ഷീല ദീക്ഷിതാണ് ഈ വലിയ മൈതാനം ഒരു പാര്‍ക്കായി രൂപപ്പെടുത്താന്‍ നടപടി ആരംഭിച്ചത്. 1877-ല്‍ വിക്ടോറിയ രാജ്ഞിയുടെ കിരീട ധാരണവേളയിലാണ് ഈ മൈതാനം ‘കിരീടധാരണ മൊമ്മോറിയല്‍ മൈതാനി’ (കോറോനേഷന്‍ മെമ്മോറിയല്‍ ഗ്രൗണ്ട്) എന്ന് നാമകരണം ചെയ്യുന്നത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ മഹാറാണി ലോകമെമ്പാടുമുള്ള ബ്രിട്ടീഷ് കോളനികളുടെയും രാജ്ഞിയിട്ടാണ് മാനിക്കപ്പെട്ടതിനാല്‍ ലോകത്തെമ്പാടും ബ്രിട്ടണ്‍ അത് ആഘോഷമാക്കി.

വിക്ടോറിയ രാജ്ഞിയുടെ കാലം ലോകത്തിന്റെ മുക്കിലും മൂലയിലും മാറ്റങ്ങള്‍ വരുത്തിയതായിരുന്നു ‘വിക്ടോറിയന്‍ യുഗം’ എന്ന ഒരു വിശേഷണ
വും 65-വര്‍ഷത്തെ ഭരണം ലോകത്തിന് നല്‍കി. ഇന്ത്യയില്‍ കല്‍ക്കത്ത, ബോംബെ, ഡല്‍ഹി, ഷില തുടങ്ങി നമ്മുടെ കൊച്ചു കേരളത്തിന്റെയും ചരിത്രത്തില്‍ എക്കാലവും ഓര്‍മ്മിക്കുന്ന കെട്ടിടങ്ങളും റെയില്‍വെ സ്‌റ്റേഷനുകളും, പാര്‍ക്കുകളും എല്ലാം സ്മാരകങ്ങളായി ഉയര്‍ന്നത് ഈ കാലത്താണ്. യുദ്ധങ്ങളില്‍ അസാമാന്യ മികവ് പുലര്‍ത്തുന്ന സൈനീകര്‍ക്ക് ‘വിക്ടോറിയ ക്രോസ് ‘ എന്ന കീര്‍ത്തി മുദ്ര പരമോന്നത ബഹുമതി അങ്ങനെ വിക്ടോറിയന്‍ കാലം രാജഭരണകാലത്തിന്റെ അനേകം മുദ്രകള്‍ ശേഷിപ്പിച്ചാണ് അവര്‍ മണ്‍മറഞ്ഞത്.
ബ്രിട്ടീഷ് ഇന്ത്യയില്‍ ‘ഡല്‍ഹി ദര്‍ബാര്‍’ എന്ന പേരില്‍ നാട്ടുരാജാക്കന്മാരുടെ സമ്മേളനങ്ങള്‍ നടന്നതും ഈ മൈതാനത്താണ്. ബ്രിട്ടനില്‍ ഒരു രാജാവ് അല്ലെങ്കില്‍ രാജ്ഞി കിരീടം ധരിക്കുമ്പോള്‍, ബ്രിട്ടീഷ് ഏകാധിപത്യത്തിന് പിന്തുണ അറിയിക്കാന്‍ നാട്ടുരാജാക്കന്മാരും, ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയിമാരും, പ്രഭുക്കന്മാരും, സൈന്യാധിപന്മാരും ഇവിടെ ഒത്തു കൂടിയിരുന്നു. അവസാനമായി ചേര്‍ന്ന ഡല്‍ഹി ദര്‍ബാര്‍ ബ്രിട്ടനിലെ രാജാവ് ജോര്‍ജ് അഞ്ചാമന്റെ കിരീട ധാരണമാണ്. പില്‍ക്കാലത്ത് സ്വതന്ത്യ ഇന്ത്യയിലെ പല വമ്പന്‍ രാഷ്ട്രീയ സമ്മേളനങ്ങളും, മത സമ്മേളനങ്ങളും ഇവിടെ ചേരുകയുണ്ടായി. കോണ്‍ഗ്രസിന്റെ പ്രതാപകാലത്ത് അവസാനമായി ചേര്‍ന്ന 83-ാമത് പ്ലീനറി സമ്മേളനം നടന്നും ഈ മൈതാനത്താണ്. ദേശീയ പാതയായ ജി.ടി കര്‍ണാല്‍ റോഡിനോട് അടുത്തായതിനാല്‍ നഗരത്തിന്റെ തിക്കിലും തിരക്കിലും പെടാതെ എത്തിച്ചേരാനും സാധിക്കും.
ജോര്ജ് അഞ്ചാമന്റെ ഏറ്റവും വലിയ മാര്‍ബിളില്‍ തീര്‍ത്ത പ്രതിമ ഇന്നും ഈ പാര്‍ക്കിലുണ്ട്. 70 അടി ഉയരമുള്ള വലിയ വെണ്ണക്കല്‍ സ്റ്റാഡില്‍ സ്ഥാപിച്ച പ്രതിമ 1960-വരെ ഇന്ത്യ ഗേറ്റിന് എതിര്‍വശത്തായിരുന്നു. ഇന്ത്യ അടക്കിവാണ ഏകാധിപതികളും വര്‍ണ വെറിയന്മാരുമായ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും പ്രതിമകള്‍ രാജ്യതലസ്ഥാനത്തിന്റെ കണ്ണായ സ്ഥലങ്ങളില്‍ പാടില്ല എന്ന തീരുമാനത്തിലാണ് ഇവയെല്ലാം പിഴുതെടുത്ത് പിന്നീട് കിരീടധാരണ പാര്‍ക്കിലേക്ക് മാറ്റിയത്. മുന്‍ വൈസ്രോയിമാരും, പ്രഭുക്കന്മാരുടെയും നാല് പ്രതിമകളും ഈ പാര്‍ക്കിലുണ്ട്. പല പ്രതിമകളുടെയും മുഖവും മൂക്കും വികൃതമാക്കിയിട്ടുണ്ട്. പ്രണയിക്കുന്ന യുവമിഥുനങ്ങളുടെ പേരുകള്‍ക്കൊപ്പം, സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങളും കൊണ്ട് വികൃതമാക്കപ്പെട്ടു ഇന്ന് പല പ്രതിമകളുടെയും സ്തംഭം.
വൈസ്രോയിമാരായിരുന്ന ഹാര്‍ഡിംഗ് പ്രഭൂ, (1910-1916), ചെംസ്‌ഫോര്‍ഡ് പ്രഭൂ (1916-1921), ഇര്‍വിന്‍ പ്രഭൂ (1926-1931), വില്ലിംഗടണ്‍ (1931-1936) എന്നിവരുടെ മാര്‍ബില്‍ പ്രതിമകള്‍ ഇപ്പോഴും ഈ പാര്‍ക്കിന്റെ നാലു കോണിലും നിലനില്‍ക്കുന്നുണ്ട്.

സ്വാതന്ത്രാനത്തരം കലാഭംഗിയും ശില്പചാരുതയും ഒത്തു ചേര്‍ന്ന പല മാര്‍ബിള്‍ പ്രതിമകളും ശില്പങ്ങളും ബ്രിട്ടന് വില്‍ക്കുകയോ കൈമാറുകയോ ചെയ്തു, കാനഡ, ഓസ്‌ത്രേലിയ എന്നീ രാജ്യങ്ങള്‍ക്കും ചില പ്രതിമകളും ശില്പങ്ങളും വില്‍ക്കപ്പെട്ടു, മറ്റുചിലതാകട്ടെ ലേലത്തില്‍ വിറ്റു. കാരണം എക്കാലത്തെയും പോലെ ബ്രിട്ടീഷ് ഭരണത്തെ രണ്ട് വീക്ഷണ കോണിലൂടെയാണ് ജനങ്ങള്‍ കാണുന്നത്. നമ്മളെ അടിമകളാക്കി രാജ്യം കൊള്ളയടിച്ചവരുടെ ശേഷിപ്പുകളൊന്നും ഇനി നമുക്ക് വേണ്ട, ആ ഓര്‍മ്മകളെപ്പോലും മായിച്ചു കളയണം എന്നു വാദിക്കുന്നവരും, മറിച്ച് കഴിഞ്ഞതെല്ലാം ചരിത്രമാണെന്നും ചരിത്രത്തെ നമുക്ക് അവഗണിക്കാനാവില്ലെന്നും വിശ്വസിക്കുന്നവര്‍ മറുപക്ഷത്തുണ്ട്. അതിനാല്‍ അവയൊന്നും മറയ്ക്കാനോ തിരുത്താനോ നമുക്ക് കഴിയില്ല. ചരിത്രത്തിന്റെ ശേഷിപ്പുകളെ മായ്ക്കരുതെന്നും വാദിക്കുന്നവരുമുണ്ട് കാരണം ഒരു ജനതയുടെ കഴിഞ്ഞകാലത്തിന്റെ കാല്‍പ്പാടുകളാണ് അത്.
വിക്ടോറിയന്‍ കാലത്തിന്റെ ചില പ്രത്യേകതകള്‍ ഇന്നും ഇവിടെ കാണാം. വീതിയേറിയ വലിയ നടപ്പാതകള്‍, രാജസ്ഥാനില്‍ നിന്നും കൊണ്ടുവന്ന വലിയ ചെങ്കല്‍പ്പാളികളില്‍ തീര്‍ത്ത നടപ്പാതകള്‍, ബ്രിട്ടീഷ് കാലത്തെ ഓര്‍മ്മിപ്പിക്കുന്ന വിളക്ക് കാലുകള്‍, നാടകങ്ങളും നൃത്തങ്ങളും നടത്താനുള്ള ആംഫി തിയ്യേറ്റര്‍ എന്നിവയാണ്. പലതും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഡല്‍ഹി ഡവലപ്പ്‌മെന്റ് അഥോറിട്ടിയും, പൈരാണിക കൊട്ടിടങ്ങളും നിര്‍മ്മിതികളുടെയും സംരക്ഷണവും പുനര്‍ നിര്‍മ്മിതികളും ഏറ്റെടുത്ത് നടത്തുന്ന ‘ഇന്റാച്ച്’ എന്ന സന്നദ്ധ സംഘടനയും ചേര്‍ന്നാണ് ഈ പാര്‍ക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. ഉത്തരേന്ത്യയെ വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളെയും സംസ്ഥാനങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ജി.ടി കര്‍ണാല്‍ റോഡ് (ഗ്രാഡ് ട്രങ്ക് റോഡ് ) കടന്നു പോകുന്നത് ഈ മൈതാനിത്തിന് സമീപത്തു കൂടെയാണ്. കല്‍ക്കത്തയില്‍ നിന്നും ആരംഭിച്ച് പാക്കിസ്ഥാനിലെ പെഷാവറില്‍ അവസാനിക്കുന്ന ഈ റോഡ് ചിന്ദ്രഗുപ്ത മൗര്യന്‍ അഞ്ചലോട്ടക്കാര്‍ക്കും രാജ വിളമ്പരം പറയുന്ന സന്ദേശ വാഹകര്‍ക്കും വേണ്ടി നിര്‍മ്മിച്ചതാണ്. വൈദേശീകാധിപത്യം കടല്‍ കടന്നെത്തി ഈ മണ്ണില്‍ ആധിപത്യം സ്ഥാപിച്ചതും ഈ പാതയിലൂടെയാണ്. ഏഷ്യയെ മറ്റ് ഭൂഖണ്ഡങ്ങളുമായി ബന്ധിച്ചിരുന്ന റോഡിന് 2500 ലധികം വര്‍ഷത്തെ പഴക്കമുണ്ട്. മുഗള്‍ സാമ്രാട്ടായ ഷെര്‍ഷ സൂരിയുടെ ഭരണകാലത്ത് പാക്കിസ്ഥാനിലെ പെഷാവര്‍, ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍, അഫ്ഗാനിസ്ഥാനിലെ കാബൂള്‍ എന്നീ നഗരങ്ങളെയും ബന്ധിപ്പിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും, ഏറ്റവും തിരക്കേറിയ സഞ്ചാര പാതകളിലൊന്നുമാണ് ജി.ടി കര്‍ണാല്‍ റോഡ്.

കോറോണൈസേഷന്‍ പാര്‍ക്കിന് വേറെയും ചരിത്ര പ്രധാന്യമുണ്ട്. ഒരു കാലത്ത് ബ്രിട്ടീഷ് വൈസ്രോയിയുടെ ഭവനം ഇതിനടുത്തായിരുന്നു, പുരാണ ദില്ലിയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് വാസ്തു ശില്പിയായ എഡ്വിന്‍ ലൂട്ടിന്‍സ് പാര്‍ലെമന്റും, രാഷ്ട്രപതി ഭവനും,ഇന്ത്യഗേറ്റും അടങ്ങുന്ന റെയ്‌സിന ഹില്‍സ് വികസിപ്പിച്ചെടുത്ത ശേഷമാണ് വടക്കന്‍ ഡല്‍ഹിയുടെ ഭാഗമായ ഈ പ്രദേശം അവഗണിക്കപ്പെടുന്നത്. ഗാന്ധിജി ദളിതര്‍ക്ക് വേണ്ടി സ്ഥാപിച്ച ഹരിജന്‍ പഠനശാല, ആദ്യത്തെ റേഡിയോ സ്‌റ്റേഷന്‍ എന്നിവയും ഈ പാര്‍ക്കിനടുത്ത കിംഗ്‌സ് വേ ക്യാമ്പിലാണുള്ളത്. ഡല്‍ഹിയിലെ രാജ ദര്‍ബാറില്‍ പങ്കെടുക്കാന്‍ ദൂരെ ദേശങ്ങളില്‍ നിന്നെത്തിയിരുന്ന രാജക്കന്മാരുടെയും അകമ്പടിക്കാരും ചെങ്കോട്ടയില്‍ നിന്നും ഘോഷയാത്രയായി യാത്ര ചെയ്തതും ഈ വഴിയാണ്, അങ്ങനെയാണ് കിംഗ്‌സ് വേ ക്യാമ്പ് എന്ന സ്ഥലനാമം ലഭിക്കുന്നത്.
ഗതകാല പ്രതാപങ്ങളുടെ കുളമ്പടിയൊച്ച നിലയ്ക്കാത്ത ഈ മൈതാനത്ത് നടന്ന രാജകീയ പ്രഖ്യാപനങ്ങളും, ദര്‍ബാറുകളും ഇവയാണ് 1877-ല്‍ ഇംഗ്ലണ്ടിലെ ഭരണാധികാരി വിക്ടോറിയ രാജ്ഞിയുടെ കിരീട ധാരണ പ്രഖ്യാപനം, 1903-ല്‍ എഡ്വേഡ് ഏഴാമന്റെ കിരിട ധാരണം, 1911-ല്‍ അടുത്ത കിരീടാവകാശി ജോര്‍ജ് അഞ്ചാമന്റെ സ്ഥാനാരോഹണം, ഡിസംബര്‍ 11-ന്‍ രാജാവ് നേരിട്ട് പങ്കെടുത്ത വമ്പിച്ച ദര്‍ബാറിലാണ് കല്‍ക്കത്തയില്‍ നിന്നും ഭരണ കേന്ദ്രം ഡല്‍ഹിയിലേക്ക് മാറ്റിയതായി പ്രഖ്യാപിച്ചതും.
മൈതാനത്തിന്റെ മധ്യത്തില്‍ കെട്ടിഉയര്‍ത്തിയ വലിയ പടികളോടുകൂടിയ ചത്വരത്തിന്റെ മധ്യത്തില്‍ സ്ഥാപിച്ച വലിയ ശിലസ്തംഭത്തിലാണ് രാജകീയ വിളമ്പരം ഇംഗ്ലീഷിലും, അന്നത്തെ പ്രധാന ഇന്ത്യന്‍ ഭാഷയായ ഉറുദുവിലും രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ശിലാ സ്തംഭത്തിന് നേരെ വലത് വശത്താണ് ജോര്‍ജ് അഞ്ചാമന്റെ 70 അടി ഉയരത്തില്‍ സ്ഥാപിച്ച വലിയ മാര്‍ബിള്‍ പ്രതിമ. നാല് ദിക്കുകളിലായി ദ്വാരപാലകകരെപ്പോലെ ഇന്ത്യ ഭരിച്ച വൈസ്രോയിമാരുടെയും പ്രതിമകള്‍.

സ്തംഭത്തില് രേഖപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യയുടെ മാത്രമല്ല സുര്യനസ്ഥമിക്കാത്ത സാമ്രാജ്യത്തിന് ഉടമകളായ ബ്രിട്ടീഷുകാര്‍ അടിമത്വം അടിച്ചേല്‍പ്പിച്ച ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിലെ പ്രധാന പട്ടണങ്ങളും ചത്വരങ്ങളും പാര്‍ക്കുകളും പ്രധാന നഗര പാതകളുമെല്ലാം ഒരിക്കല്‍ ലോകത്തെ അടക്കി ഭരിച്ചവരുടെയും, സാമ്രാട്ടുകളുടെയും അടയാളങ്ങള്‍ മായാന്‍ വിസമ്മതിക്കുന്നപോലെ കാണാം. വര്‍ണവെറിയും അടിമത്വവും അടിച്ചേല്‍പ്പിട്ടവരുടെയും പ്രതിമകളും, പേരുകളും സ്ഥലനാമങ്ങളും മറ്റ് അടയാളങ്ങളുമാണ് അവയെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളില്‍ പലതും ആദ്യം ചെയ്തത് മനുഷ്യനെ അടിമകളാക്കിയവരുടെ പേരുകള്‍ സൂപിപ്പിക്കുന്ന സ്ഥലനാമങ്ങള്‍ എല്ലാം മായ്ച്ചു കളയുകയായിരുന്നു. മനുഷ്യത്വത്തെ അംഗീകരിക്കാത്ത ഒന്നും എക്കാലവും നിലനില്‍ക്കില്ല, എന്നാലും വരും തലമുറകള്‍ അറിയാന്‍ ചരിത്രത്തിന്റെ ശേഷിപ്പുകളും വേണം. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം തലമുറകള്‍ ചോര ചിന്തി നേടിയവയാണ്. കാലത്തിന്റെ യവനികയ്ക്കുള്ളില്‍ മറഞ്ഞാലും പിന്നിട്ട വഴികളുടെ ഓര്‍മ്മകളാണ് മനുഷ്യന്റെ മുന്നേറ്റങ്ങള്‍ക്ക് എക്കാലവും ആവേശം പകരുന്നത്, ന്യൂഡല്‍ഹി സ്ഥാപനത്തിന്റെ 109 -വര്‍ഷമാണിത് കാലം കോറിയിട്ട ചിത്രങ്ങളോടെ ഈ ശിലാ ശില്പങ്ങള്‍ ഇവിടെത്തന്നെ ഉണ്ടാകണം. കടല്‍ കടന്നു പോയ സായിപ്പ് തന്നിട്ടുപോയ മതവൈരത്തിന്റെ വിത്തുകളും, വംശവിദ്യേഷങ്ങളും, അടിമത്ത മനോഭാവങ്ങളും ഒരു ജനതയുടെ ചിന്തകളിലും തലച്ചോറിലും ഇന്നും ഒളിഞ്ഞിരിക്കുന്നു, അത് ഇടയ്ക്കിടെ കലാപങ്ങളായി വംശീയ അധിക്ഷേപമായി നമ്മെ വേട്ടയാടുന്നു, നമ്മെ പിന്നോട്ട് വലിക്കുന്നു. സാമ്രാജ്യത്തിന്റെ സൂര്യന്‍ അസ്തമിച്ചെങ്കിലും ലോകത്താകമാനം അവര്‍ വിതച്ച വിദ്വേഷത്തിന്റെ മുകുളങ്ങള്‍ ഇന്നും സജീവമാണ്. വംശവിദ്വേഷത്തെ പിന്തുണയ്ക്കാന്‍ ഇവിടെയും
ആളുണ്ടായതാണ് നമ്മുടെ വര്‍ത്തമാന കാലത്തെ ദുരന്തം.