ഒമാനില്‍ കോവിഡ് ബാധിതര്‍ 68,000 കടന്നു. തിങ്കളാഴ്ച 1,739 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,514 ഒമാന്‍ പൗരന്‍മാര്‍ക്കും 225 പ്രവാസികള്‍ക്കുമാണ് പുതുതായി കോവിഡ് ബാധിച്ചത്. ഇതോടെ ഒമാനിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 68,400 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് ബാധിച്ച് എട്ട് പേര്‍ കൂടി ഒമാനില്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 326 ആയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,146 പേര്‍ കൂടി രോഗമുക്തി നേടി. രാജ്യത്ത് കോവിഡ് ഭേദമായവരുടെ എണ്ണം 45,150 ആയി ഉയര്‍ന്നു.
ഒരു ദിവസത്തിനിടെ 3,957 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ 2,74,745 കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 75 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്യത്ത് നിലവില്‍ 574 പേരെയാണ് ആശുപത്രിയില്‍ തുടരുന്നത്. ഇതില്‍ 170 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
മസ്കത്ത് ഗവര്‍ണറേറ്റിലെ മത്ര വിലായത്തില്‍ 85 ശതമാനത്തിലധികം രോഗികളും രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം. ആദ്യ ദിനങ്ങള്‍ മുതല്‍ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചിരുന്ന മത്രയില്‍ പുതിയ രോഗികള്‍ കുത്തനെ കുറഞ്ഞു. മത്ര സൂഖ് ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ നിലവില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. 8,292 പേര്‍ക്കാണ് ഇതുവരെ മത്രയില്‍ വൈറസ് ബാധിച്ചത്. ഇതില്‍ 7,102 പേരും രോഗമുക്തി നേടി. സീബ് വിലായത്തില്‍ 70 ശതമാനവും ബൗശര്‍ വിലായത്തില്‍ 77.5 ശതമാനവും രോഗികള്‍ കോവിഡിനെ അതിജീവിച്ചു. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ 37022 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 28058 പേര്‍ രോഗമുക്തി നേടി. 172 മരണങ്ങളാണ് ഗവര്‍ണറേറ്റില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.