ഒമാനില്‍ പൊതു നിരത്തില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 20 റിയാലില്‍ നിന്നും 100റിയാല്‍ ആയി ഉയര്‍ത്തി. റോയല്‍ ഒമാന്‍ പോലീസ് ഇതു സംബന്ധിച്ച ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. പൊതുസ്ഥലങ്ങള്‍ക്ക് പുറമെ വാണിജ്യ-വ്യവസായ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ മേഖല ഓഫീസുകള്‍, പൊതുഗതാഗതം തുടങ്ങിയ സ്ഥലങ്ങളില്‍ മുഖാവരണം ധരിക്കാത്തവര്‍ ഈ തുക പിഴയായി അടക്കേണ്ടി വരുമെന്ന് പൊലീസ് ആന്റ് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ മുഹ്‌സിന്‍ അല്‍ ഷിറൈഖി പുറപ്പെടുവിച്ച ഭേദഗതി ഉത്തരവില്‍ പറയുന്നു.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയമലംഘകര്‍ക്കുള്ള പിഴ സംഖ്യ ഉയര്‍ത്താന്‍ സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിഴ വര്‍ധിപ്പിച്ചത്. തീരുമാനം എത്രയും വേഗം നടപ്പിലാക്കുമെന്നും പൊലീസ് അറിയിച്ചു.