ആഗസ്ത് 1 മുതല്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി അറിയിച്ചു. പുതിയ കോണ്‍സുല്‍ ജനറലായി നിയമിക്കപ്പെട്ട അമന്‍ പുരി ഞായറാഴ്ച്ചയാണ് ഔദ്യോഗികമായി അധികാരമേറ്റത്. കൊവിഡുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യം പരിഗണിച്ചാണ് മുഴുവന്‍ ദിവസങ്ങളിലും കോണ്‍സുലേറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചത്.
ആഗസ്ത് 1 മുതല്‍ ഡിസംബര്‍ 31വരെ അവധി ദിനങ്ങളില്‍ രാവിലെ 8 മുതല്‍ 10 വരെയാണ് കോണ്‍സുലേറ്റ് തുറന്നുപ്രവര്‍ത്തിക്കുക. പാസ്പോര്‍ട്ട് പുതുക്കല്‍, അടിയന്തര യാത്ര പോലുള്ള അടിയന്തര സേവനങ്ങള്‍ ഈ ദിവസങ്ങളില്‍ ലഭ്യമാക്കുമെന്ന് ഡോ. പുരി പറഞ്ഞു. സാഹചര്യമനുസരിച്ച് എല്ലാ ദിവസങ്ങളിലും കോണ്‍സുലേറ്റ് പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനം അവലോകനത്തിനു ശേഷം കൈക്കൊള്ളും. വരുംദിവസങ്ങള്‍ പ്രവര്‍ത്തനം ദുഷ്‌കരമാകാന്‍ സാധ്യത ഉണ്ടെന്നും ആളുകള്‍ക്ക് പിന്തുണ കൂടുതല്‍ ആവശ്യമായി വരുമെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.
ഇതുവരെ കോണ്‍സുലേറ്റ് 170,000 ഇന്ത്യക്കാരെ ദുബായില്‍ നിന്നും വടക്കന്‍ എമിറേറ്റുകളില്‍ നിന്നും തിരിച്ചയച്ചിട്ടുണ്ട്. 170,000 പേരില്‍ 40,000 പേര്‍ വന്ദേ ഭാരത് മിഷനില്‍ നാട്ടിലേക്ക് മടങ്ങി.130,000 പേര്‍ സ്വകാര്യ കമ്പനികളും കമ്മ്യൂണിറ്റി ഗ്രൂപ്പുകളും സംഘടിപ്പിച്ച ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉപയോഗിച്ചു.വിമാന സര്‍വീസുകള്‍ തുടരുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യയിലേക്കുള്ള യാത്ര ഇന്ത്യാ ഗവണ്‍മെന്റ് ഉദാരവല്‍ക്കരിക്കുകയും ചെയ്തിട്ടുണ്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ പുരോഗതി കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.












