സുധീര്‍ നാഥ്
രാജ്യതലസ്ഥാനമായ ഇന്ദ്രപ്രസ്ഥം കാലങ്ങളായി രാഷ്ട്രീയ അട്ടിമറിയുടെ ഒരു സിരാകേന്ദ്രം ആണ്. സംസ്ഥാനങ്ങളില്‍ നടക്കേണ്ട കക്ഷി രാഷ്ട്രീയ അട്ടിമറിക്ക് പോലും പലപ്പോഴും നിയന്ത്രിച്ചിരുന്നത് ഡല്‍ഹിയില്‍ നിന്നാണ്.
അട്ടിമറികളുടെ ചരിത്രത്തില്‍ ഡല്‍ഹിക്ക് ചരിത്രപരമായി വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയിലെ സ്വാതന്ത്ര്യ സമരം അട്ടിമറിക്കുന്നതിനും, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ നാട്ടില്‍ നിന്ന് കെട്ട് കെട്ടിക്കുന്നതിനും നടന്ന വ്യത്യസ്ത രാഷ്ട്രീയ ചര്‍ച്ചകള്‍ ഒരേ സമയം നടന്ന ഇടമാണ് ഡല്‍ഹി. അടുത്ത കാലത്ത് നടന്ന പ്രധാന രാഷ്ട്രീയ നാടക വാര്‍ത്തകളോടൊപ്പം ഒന്നുകൂടി പരിശോധിക്കുന്നത് നന്നായിരിക്കും.
വര്‍ത്തമാനകാല രാഷ്ട്രീയ ചരിത്രത്തില്‍ ബിജെപി തുടര്‍ച്ചയായി സര്‍ക്കാരുകളെ അട്ടിമറിച്ച് അധികാരം പിടിച്ചടക്കുന്ന കാഴ്ച്ച 2014 മുതല്‍ കണ്ടവരുന്നു. അരുണാചല്‍ പ്രദേശില്‍ ഗവര്‍ണറെ ഉപയോഗിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചത് വലിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. പിന്നെ നടന്നത് ഉത്തരാഖണ്ഡിലായിരുന്നു. അടുത്തകാലത്ത് രണ്ട് പ്രധാന അട്ടിമറികളാണ് ബിജെപി നടത്തി വിജയിച്ചത്. മഹാരാഷ്ട്രയിലും, രാജസ്ഥാനിലും തന്ത്രം ഇപ്പോഴും വിജയിച്ചിട്ടില്ല. അതില്‍ കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിച്ചത് 2019 ജൂലൈ 24നാണ്. രണ്ടാമത്തെ മധ്യപ്രദേശ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിക്ക് കഴിഞ്ഞത് 2020 മാര്‍ച്ച് 23ന്. 2019ല്‍ ഹരിയാനയില്‍ അട്ടിമറിയല്ലെങ്കിലും, കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. കുതിരക്കച്ചവടം നടത്തുന്ന കാര്യത്തില്‍ രാജ്യത്തെ പ്രമുഖ പാര്‍ട്ടികളൊക്കെ മോശക്കാരല്ല എന്ന് തെളിയിച്ചിട്ടുണ്ട്. മണിപ്പൂരില്‍ ഇപ്പോള്‍ നടക്കുന്നതും മറ്റൊന്നല്ല.
ഗോവയിലും, മണിപ്പൂരിലും, മേഘാലയയിലും നടന്ന നാടകങ്ങള്‍ മറക്കുവാന്‍ കഴിയില്ല. 2019ല്‍ വലിയ രാഷ്ട്രീയ നാടകമാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നടന്നത്. ഗോവയിലെ കോണ്‍ഗ്രസിന്‍റെ ഇന്നത്തെ അവസ്ഥ കഷ്ടം തന്നെയാണ്. ഒടുവില്‍ രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടി ബിജെപി നടത്തുന്ന പരിശ്രമങ്ങള്‍ സജീവമായി ചര്‍ച്ചയിലും ആണ്. എല്ലാ അട്ടിമറി നീക്കങ്ങളും, കുതിരക്കച്ചവടങ്ങളും ഇന്ദ്രപ്രസ്ഥത്തില്‍ നിന്ന് തന്നെയാണ് ആണ് ബിജെപി നടത്തിയത്. കേരളത്തില്‍ ഒട്ടേറെ നാടകങ്ങള്‍ നടക്കുമെങ്കിലും ഇത്തരം അട്ടിമറി സമീപ ഭാവിയില്‍ ഉണ്ടാകില്ല. രാഷ്ട്രീയ പ്രബുദ്ധരായ കേരളത്തിലെ ജനങ്ങള്‍ അതിന് സമ്മതിക്കുമെന്ന് തോന്നുന്നില്ല.
രാജ്യത്ത് തിരഞ്ഞെടുപ്പുകള്‍ നടക്കും. പക്ഷെ ഭരിക്കുന്നത് ബിജെപി നയിക്കുന്ന മുന്നണിയാകും. ഭൂരിപക്ഷം ഇല്ലാതാക്കുന്ന നടപടികള്‍ രാജ്യത്ത് വ്യാപകമായി നടക്കുന്നു. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം നടപ്പിലാക്കുന്ന നടപടിയാണ് നടക്കുന്നതെന്ന് അനുമാനിക്കാം. രാഷ്ട്രീയ മര്യാദകള്‍ തുടര്‍ച്ചയായി തകരുന്ന കാഴ്ച്ച അപകടകരമാണ്. ജനാധിപത്യം നോക്കുകുത്തിയായി എത്രനാള്‍ എന്ന ചര്‍ച്ച തന്നെ ആരംഭിച്ചു കഴിഞ്ഞു.
അരുണാചല്‍ പ്രദേശ്
2015 മുതല്‍ അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ചു നടത്തിയ വലിയ നാടകം ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ വിശേഷപ്പെട്ട ഏടാണ്. 2011 നവംബര്‍ 1ന് കോണ്‍ഗ്രസ് നേതാവ് നമ്പാം തുക്കി അരുണാചലല്‍ പ്രദേശിന്‍റെ മുഖ്യമന്ത്രിയായി. സഹോദരന്‍ നമ്പാം റിബിയ സ്പീക്കറായി. 2014 ഡിസംബറില്‍ കലിക്കോ പുള്ളിനെ ആരോഗ്യ കുടുംബക്ഷേമ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. 2015ല്‍ ഏപ്രില്‍ മാസം കോണ്‍ഗ്രസ് അംഗമായി തന്നെ സര്‍ക്കാരിനെതിരെ കലിക്കോ പുള്‍ സാമ്പത്തിക ആരോപണം ഉയര്‍ത്തി. പ്രശ്നങ്ങളുടെ തുടക്കം അവിടെ നിന്നാണ്.
ജ്യോതി പ്രസാദ് രാജ്കോവ ജൂണ്‍ 1ന് അരുണാചല്‍ പ്രദേശിന്‍റെ ഗവര്‍ണറായി ചുമതലയേറ്റു. നവംബര്‍ മാസം ഡെപ്യൂട്ടി സ്പീക്കറെ മാറ്റണമെന്ന് കോണ്‍ഗ്രസും, സ്പീക്കറെ മാറ്റണമെന്ന് ബിജെപിയും റസല്യൂഷന്‍ കൊണ്ടു വന്നു. 2016 ജനുവരി 14ന് ആരംഭിക്കാന്‍ തീരുമാനിച്ച നിയമസഭാ സമ്മേളനം 2015 ഡിസംബര്‍ 16ല്‍ നടത്തണമെന്ന് ഗവര്‍ണര്‍ ഡിസംബര്‍ 9ന് പ്രഖ്യാപിച്ചു. 2015 ഡിസംബര്‍ 15ന് സ്പീക്കര്‍ നമ്പാം റബിയ വിമതരായ 21 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 14 പേരെ അയോഗ്യരാക്കി. അന്ന് തന്നെ ഡെപ്യൂട്ടി സ്പീക്കര്‍ അയോഗ്യതാ നോട്ടീസ് മരവിപ്പിച്ചു. ഡിസംബര്‍ 16ലെ നിയമസഭാ സമ്മേളനം നടക്കില്ല എന്ന സ്പീക്കറുടെ പ്രഖ്യാപനത്തെ ഡെപ്യൂട്ടി സ്പീക്കര്‍ വെല്ലു വിളിച്ചു. മുഖ്യമന്ത്രി നമ്പാം തുക്കിയുടെ അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ ഡിസംബര്‍ 16ന് നിയമസഭാ മന്ദിരം തന്നെ അടച്ചിട്ടു. 33 അംഗങ്ങളുമായി തൊട്ടടുത്ത ഹോട്ടലിന്‍റെ കോണ്‍ഫറന്‍സ് ഹാളില്‍ ഡെപ്യൂട്ടി സ്പീക്കറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്പീക്കറെ അയോഗ്യനാക്കുകയും, സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ഡിസംബര്‍ 17ന് കലിക്കോ പുള്ളിനെ വിമത വിഭാഗം മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
കലങ്ങി മറിഞ്ഞതായിരുന്നു 2016 ജനുവരി മാസത്തെ അരുണാചല്‍ പ്രദേശിലെ രാഷ്ട്രീയം. എന്തായാലും 2016 ജനുവരി 26ന് കേന്ദ്ര സര്‍ക്കാരിന്‍റെ ശുപാര്‍ശയില്‍ അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. 2015 ഫെബ്രുവരി 19ന് രാഷ്ട്രപതി ഭരണം അവസാനിച്ചു. ഇതിനിടയില്‍ ബിജെപി കോണ്‍ഗ്രസിനെ പിളര്‍ത്തുന്നത് പൂര്‍ത്തിയാക്കിയിരുന്നു. കലിക്കോ പുള്‍ മുഖ്യമന്ത്രിയായി ഗവര്‍ണറുടെ പിന്തുണയോടെ ഭരണം തുടങ്ങി. അരുണാചല്‍ രാഷ്ട്രീയം സുപ്രീം കോടതിയില്‍ തര്‍ക്ക വിഷയമായി. 2016 ജൂലൈ 16ന് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് നമ്പാം തുക്കി മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തി. വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് ജൂലൈ 17ന് മുഖ്യമന്ത്രി നമ്പാം തുക്കി രാജിവെച്ചു. കോണ്‍ഗ്രസില്‍ നിന്നുള്ള പീമാ കണ്ഡു മുഖ്യമന്ത്രിയായി. ആഗസ്റ്റ് 9ന് മുന്‍ മുഖ്യമന്ത്രി കലിക്കോ പുള്‍ ആത്മഹത്യ ചെയ്തു.
2016 സെപ്തംബര്‍ 16ന് 43 എംഎല്‍എമാരുമായി മുഖ്യമന്ത്രി പീമാ കണ്ഡു കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശ് രൂപീകരിച്ച് സര്‍ക്കാര്‍ ഭരണം തുടര്‍ന്നു. ബിജെപി കോണ്‍ഗ്രസിനെ നെടുകെ അല്ല പിളര്‍ത്തിയത്. മൊത്തത്തില്‍ ഇങ്ങ് എടുത്തു എന്ന് തന്നെ പറയാം. കോണ്‍ഗ്രസിന്‍റെ 44ല്‍ 43 അംഗങ്ങള്‍, മുഖ്യമന്ത്രിയായിരുന്ന പീമാ കണ്ഡു അടക്കം പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ രൂപീകരിച്ച് ബിജെപി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചു.
2016 ഡിസംബര്‍ 31ന് ബിജെപിയുടെ നേത്യത്വത്തില്‍ രൂപീകരിച്ച നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക്ക് അലയന്‍സിന്‍റെ ഭാഗമായി പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ മാറി. 2019ലെ ഇലക്ഷനില്‍ വീണ്ടും പീമാ കണ്ഡുവിന്‍റെ നേത്യത്വത്തില്‍ സര്‍ക്കാര്‍ രൂപം കൊണ്ടു.
ഉത്തരാഖണ്ഡ്
36 അംഗങ്ങളുള്ള കോണ്‍ഗ്രസ് മന്ത്രിസഭ പ്രോഗ്രസീവ് ഡെമോക്രാറ്റിക്ക് ഫ്രണ്ടിന്‍റെ 6 അംഗങ്ങളുടെ പിന്തുണയോടെ ഭരിക്കുകയായിരുന്നു. വിജയ് ബഹുഗുണയായിരുന്നു മുഖ്യമന്ത്രി. ഉത്തരാഖണ്ഡിലെ പ്രളയത്തെ തുടര്‍ന്ന് വലിയ ആക്ഷേപം ഉണ്ടായതിനെ തുടര്‍ന്ന് ഹരീഷ് റാവത്തിനെ കോണ്‍ഗ്രസ്സ് പുതിയ മുഖ്യമന്ത്രിയാക്കി. 2016 മാര്‍ച്ച് 18ന് 28 അംഗ ബിജെപി അംഗങ്ങളും 9 കോണ്‍ഗ്രസ് അംഗങ്ങളും ഗവര്‍ണര്‍ കെ കെ പോളിനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. മാര്‍ച്ച് 28ന് മുന്‍പ് ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ മാര്‍ച്ച് 20ന് ആവശ്യപ്പെടുന്നു. കോണ്‍ഗ്രസില്‍ വിമത സ്വരം ഉയര്‍ത്തിയ മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ മകന്‍ സാകേത് ബഹുഗുണയെ മാര്‍ച്ച് 21ന് കോണ്‍ഗ്രസ് 6 വര്‍ഷത്തേയ്ക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

മാര്‍ച്ച് 22ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് അന്ന് തന്നെ ബിജെപി രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസും രാഷ്ട്രപതിയെ അന്ന് തന്നെ കണ്ടു. മാര്‍ച്ച് 26ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ വിലയ്ക്ക് വാങ്ങന്‍ കുതിരകച്ചവടം നടത്തുന്നു എന്ന ആരോപണവുമായി ഒരു വീഡിയോ ബിജെപിയും, സാകേത് ബഹുഗുണയും ചേര്‍ന്ന് പുറത്ത് വിട്ടു. വിമത സ്വരം ഉയര്‍ത്തിയ 9 അംഗങ്ങളേയും സ്പീക്കര്‍ മാര്‍ച്ച് 27ന് അയോഗ്യരാക്കി. കോണ്‍ഗ്രസ്സിന്‍റെ അംഗബലം 27ഉം, സഭയുടെ 61 ഉം ആയി. പ്രോഗ്രസീവ് ഡെമോക്രാറ്റിക്ക് ഫ്രണ്ടിന്‍റെ 6 അംഗങ്ങളുടെ പിന്തുണ കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. വിശ്വാസ വോട്ടെടുപ്പിന്‍റെ തലേന്ന് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഹൈകോടതി വിഷയത്തില്‍ ഇടപെടുകയും, രാഷ്ട്രപതി ഭരണം പിന്‍വലിപ്പിക്കുകയും, വിശ്വാസ വോട്ടെടുപ്പ് നടത്തുകയും ചെയ്തു. കോണ്‍ഗ്രസിന് സഭയില്‍ വിശ്വാസം നേടാനായി. 2017ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 35 സീറ്റില്‍ വിജയിച്ച് സര്‍ക്കാര്‍ രൂപീകരിച്ചു.
കര്‍ണ്ണാടക
കര്‍ണ്ണാടകയില്‍ 2018ല്‍ പതിനഞ്ചാം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലായിരുന്നു. പക്ഷെ ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയായിരുന്നു. ബിജെപി ബി എസ് യെദിയൂരപ്പയെ 2018 മെയ് 17ന് മുഖ്യമന്ത്രിയാക്കി. രണ്ടാഴ്ച്ചയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ യെദിയൂരപ്പയ്ക്ക് നല്‍കിയത്. സുപ്രീം കോടതി ഇടപെട്ട് 48 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടതോടെ രാഷ്ട്രീയ കച്ചവടം നടന്നില്ല. 2018 മെയ് 23ന് ആറ് ദിവസങ്ങള്‍ കൊണ്ട് ബിജെപി മന്ത്രിസഭയ്ക്ക് രാജിവെയ്ക്കേണ്ടി വന്നു.

കൂടുതല്‍ അംഗങ്ങളുള്ള കോണ്‍ഗ്രസിന്‍റെ പിന്തുണയോടെ, അതിന്‍റെ പകുതി പോലും അംഗങ്ങളില്ലാത്ത ജനതാദള്‍ സെക്കുലര്‍ നേതാവ് കുമാരസ്വാമി മുഖ്യമന്ത്രിയായി. എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായ കര്‍ണ്ണാടക സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപി തക്കം പാര്‍ത്തിരിക്കുകയായിരുന്നു. മന്ത്രിസഭയെ പിന്തുണച്ച 15 എംഎല്‍എമാര്‍ രാജിവെച്ച് ബിജെപി പക്ഷത്തേയ്ക്ക് പോയി. രാജിവെച്ച 15 എംഎല്‍എമാരും മറ്റ് അഞ്ച് എംഎല്‍എമാരും വിശ്വാസ വോട്ടിങ്ങില്‍ നിന്ന് മാറി നിന്നതോടെ, 2019 ജൂലൈ 23ന് 425 ദിവസത്തെ ഭരണം കുമാരസ്വാമിക്ക് ഒഴിയേണ്ടി വന്നു. അങ്ങിനെ കേവലഭൂരിപക്ഷം നേടികൊണ്ട് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു.
രാജിവെച്ച എംഎല്‍എമാരെ സ്പീക്കര്‍ മുന്‍പേ അയോഗ്യരാക്കിയിരുന്നു. സുപ്രീം കോടതി അവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കിയത് ചരിത്രമാണ്. രാജിവെച്ചവര്‍ ബിജെപി ടിക്കറ്റില്‍ സഭയിലെത്തിയത് മറ്റൊരു സത്യം. വരാനിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഈ നിയമനടപടി ചോദ്യം ചെയ്യപ്പെടും എന്നതില്‍ തര്‍ക്കമില്ല.
ഗോവ

2017ലെ ഗോവ നിയമസഭയുടെ 40 സീറ്റുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 17 സീറ്റുകളില്‍ ജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന സ്ഥാനം കോണ്‍ഗ്രസിന് ലഭിച്ചു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് 21 അംഗങ്ങള്‍ വേണം. നാല് പേരുടെ കൂടെ പിന്തുണ വേണം. ബിജെപിക്ക് 13 എംഎല്‍എമാരുണ്ടായിരുന്നു. ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. ബിജെപി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു. ഗോവ മുഖ്യമന്ത്രിയായി കേന്ദ്ര മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ സ്ഥാനമേറ്റു. 2019 മാര്‍ച്ച് 17ന് അദ്ദേഹം അന്തരിച്ചു. പ്രമോദ് സവാത്ത് മാര്‍ച്ച് 19ന് മുഖ്യമന്ത്രിയായി. 2019 ജൂലൈ 10ന് പതിനഞ്ചില്‍ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒരുമിച്ച് ബിജെപിയിലെത്തി. മുന്‍പ് രണ്ട് എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ചുരുക്കി പറഞ്ഞാല്‍ ഇപ്പോള്‍ 17 അംഗങ്ങളുണ്ടായ കോണ്‍ഗ്രസിന് വെറും അഞ്ച് അംഗങ്ങള്‍ മാത്രമാണ് ഗോവ നിയമസഭയില്‍ ഉള്ളത്. ഇതില്‍ നാല് പേര്‍ മുന്‍ ഗോവ മുഖ്യമന്ത്രിമാരാണ്. പ്രതാപ് സിംഗ് റാണേ, ലുസിന്‍ഹോ ഫലീറോ, രവി നായിക്ക്, ദിഗംബര്‍ കമ്മത്ത് എന്നിവരാണവര്‍.
മണിപ്പൂര്‍
2017ല്‍ നടന്ന മണിപ്പൂര്‍ 60 അംഗ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 28 സീറ്റും, ബിജെപിക്ക് 21 സീറ്റുമാണ് ലഭിച്ചിരുന്നത്. ഗോവയില്‍ സംഭവിച്ച പോലെ തന്നെ മണിപ്പൂരിലും ആവര്‍ത്തിച്ചു. ഏറ്റവും കൂടുതല്‍ അംഗങ്ങളെ ജയിപ്പിച്ച കോണ്‍ഗ്രസ്സിനെ ഒഴിവാക്കി 21 സീറ്റില്‍ ജയിച്ച ബിജെപിയെ ഗവര്‍ണര്‍

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു. ബിജെപി നേതാവ് നെഗ്തൊങ്ങ്ബന്‍ ബീരന്‍ ഗിംഗ് മുഖ്യമന്ത്രിയായി. കൊറോണ താണ്ഡവമാടിയ സമയത്ത് മണിപ്പൂരിലെ ബിജെപി സര്‍ക്കാരിനും ആട്ടമുണ്ടായി. കൊറോണ വാര്‍ത്തകളുടെ കുത്തൊഴുക്കില്‍ മണിപ്പൂരിലെ രാഷ്ട്രീയം വാര്‍ത്തകളില്‍ അധികം വന്നില്ല. ബിജെപിയുടെ മൂന്ന് എംഎല്‍എമാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതും, നാല് നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടി അംഗങ്ങളും, ഒരു സ്വതന്ത്ര അംഗവും, ഒരു ത്യണമൂല്‍ കോണ്‍ഗ്രസ് അംഗവും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതായിരുന്നു പ്രശ്നമായത്. ജൂണ്‍ 17ന് ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ത്യണമൂല്‍ എംഎല്‍എ റോബിന്‍ട്രായെ സ്പീക്കര്‍ അയോഗ്യനാക്കി. ജൂലൈ 10ന് മണിപ്പൂര്‍ ഹൈക്കോടതി സ്പീക്കറുടെ നടപടി അസാധുവാക്കി. എന്തായാലും ബിജെപിക്ക് മണിപ്പൂര്‍ സര്‍ക്കാര്‍ ക്കൈയ്യാലപുറത്തെ തേങ്ങപോലെ ആണെന്ന് പറയുന്നതില്‍ തെറ്റില്ല. രാഷ്ട്രീയ നാടകം സജീവമായി നടക്കുകയാണവിടെ.
മേഘാലയ

മേഘാലയില്‍ 2018 മാര്‍ച്ച് 3ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 21 സീറ്റ്, നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 20 സീറ്റ്, ബിജെപിക്ക് രണ്ട് സീറ്റ്, പിന്നെ പ്രാദേശിക പാര്‍ട്ടികളാണ് വിജയിച്ചത്. ഗവര്‍ണര്‍ നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. 31 സീറ്റിന്‍റെ അംഗബലം ഇതിനിടയില്‍ ബിജെപി സംഘടിപ്പിച്ചു കൊടുത്തു. ക്രിസ്ത്യന്‍ ജനസമൂഹം കൂടുതലുള്ള മേഘാലയില്‍ ബിജെപിയുടെ മറ്റൊരു മുഖമാണ് നാഷ്ണല്‍ (ഭാരതീയ) പീപ്പിള്‍സ് (ജനതാ) പാര്‍ട്ടി എന്നൊരു സംസാരമുണ്ട്. ഭാരതീയ ജനതാ പാര്‍ട്ടിക്ക് പരക്കെ ഹിന്ദു മുഖം കല്‍പ്പിക്കപ്പെട്ടിരിക്കുകയാണല്ലോ. കോണ്‍ഗ്രസ്സ് അധികാരത്തില്‍ നിന്ന് പുറത്തായി. പി എ സാഗ്മയുടെ മകനും നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവുമായ കൊണ്‍റാഡ് സാഗ്മ മുഖ്യമന്ത്രിയായി.
മഹാരാഷ്ട്ര
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചാവിഷയമായ രാഷ്ട്രീയ നാടകങ്ങള്‍ കണ്ട സര്‍ക്കാര്‍ രൂപീകരണമായിരുന്നു 2018ല്‍ മഹാരാഷ്ട്രയില്‍ നടന്നത്. ബിജെപിക്ക് 105 അംഗങ്ങളെ വിജയിപ്പിക്കാനായി. ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിക്ക് മൂന്ന് ദിവസം മാത്രമേ മുഖ്യമന്ത്രി കസേരയും സര്‍ക്കാരും ഉണ്ടായുള്ളൂ. ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ കര്‍ണ്ണാടകയിലെ പോലെ രണ്ടാഴ്ച്ചയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ നല്‍കിയത്. എന്‍സിപിയുടെ അജിത്ത് പവാറിനെ സ്വാധീനിക്കാന്‍ ബിജെപിക്ക് സാധിച്ചു.പക്ഷെ അജിത്ത് പവാര്‍ വിചാരിച്ച പോലെ എന്‍സിപി അംഗങ്ങള്‍ കൂടെ നിന്നില്ല. എന്‍സിപി തലവന്‍ ശരദ് പവാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് അപകടം അറിഞ്ഞതു കൊണ്ടാവാം ഉദ്ധവിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ താമസം വേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത് എന്ന് തോന്നുന്നു. ശരത് പവാറിന്‍റെ ശക്തമായ ഇടപെടല്‍ അജിത്ത് പവാറിനെ തിരികെ എന്‍സിപിയില്‍ തന്നെ എത്തിച്ചു. ഇതിനിടയില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായതോടെ ഭൂരിപക്ഷം ഉറപ്പിക്കാന്‍ പറ്റാതെ ബിജെപിയുടെ ഫട്ട്നിവാസ് രാജിവെച്ചു.
145 അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാമായിരുന്നു. പ്രതിപക്ഷത്തുള്ള ശിവസേന (56), എന്‍സിപി (54), കോണ്‍ഗ്രസ് (44) എന്നിവര്‍ ഒന്നിച്ചപ്പോള്‍ ബിജെപി സര്‍ക്കാര്‍ താഴെ വീണു. ഞങ്ങള്‍ 162 പേരുണ്ട് എന്ന് മൂന്ന് പാര്‍ട്ടികളും ഒന്നിച്ച് പ്രഖ്യാപിച്ചത് വലിയ തിരിച്ചടിയായി. ശിവസേനയുടെ നിലപാടാണ് നിര്‍ണ്ണായകമായത്. ബിജെപിയില്‍ നിന്ന് ശിവസേന അകന്നത് രാഷ്ട്രീയമായി അവിടെ വലിയ മാറ്റമാണ് മറ്റ് പല മേഖലയിലും ഉണ്ടാക്കിയിരിക്കുന്നത്.

ഹരിയാന
2019 ഒക്ടോബര്‍ 21ന് നടന്ന ഹരിയാന നിയമസഭയുടെ തിരഞ്ഞെടുപ്പിന്‍റെ ഫലം 23ന് വന്നു. വാശിയേറിയ മത്സരത്തില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലായിരുന്നു. 90 അംഗ മന്ത്രിസഭയില്‍ 40 അംഗങ്ങള്‍ ബിജെപിക്കായിരുന്നു. 31 സീറ്റ് മാത്രമേ കോണ്‍ഗ്രസിന് ലഭിച്ചുള്ളൂ. ആര് സര്‍ക്കാര്‍ രൂപീകരിക്കും എന്ന ചര്‍ച്ച ശക്തമായി നടക്കുന്ന സമയം.

കുതിരക്കച്ചവടം നടത്തിയാല്‍ ആര്‍ക്കും ഭരിക്കാം എന്ന അവസ്ഥ ഉണ്ടായിരുന്നു. ബിജെപിയും കോണ്‍ഗ്രസും, ജനനായക് ജനതാ പാര്‍ട്ടിയിലെ 10 അംഗങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ജനനായക്ക് ജനതാ പാര്‍ട്ടിയുടെ പത്ത് അംഗങ്ങളെ പാട്ടിലാക്കുന്നതില്‍ ബിജെപി വിജയിച്ചു. അങ്ങനെ ബിജെപിയുടെ മനോഹര്‍ലാല്‍ ഖട്ടര്‍ ഹരിയാന മുഖ്യമന്ത്രിയായി. ജനനായക്ക് ജനതാ പാര്‍ട്ടിയുടെ പ്രസിഡന്‍റ് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയായി.
മധ്യപ്രദേശ്

കൊറോണ രാജ്യത്ത് താണ്ഡവ ന്യത്തം ആടി തുടങ്ങിയപ്പോള്‍ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ താഴെ വലിച്ചിടുന്നതിന്‍റെ അവസാന ലാപ്പിലായിരുന്നു ബിജെപി. അത് നടന്നില്ലെങ്കില്‍ വീണ്ടും ഒരു അവസരം ലഭിക്കുന്ന കാര്യം സംശയവുമായിരുന്നു.
ജ്യോതിരാദിത്യ സിന്ധ്യയുടെ നേത്യത്വത്തിലുള്ള വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണു. ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന്‍റെ പിറ്റേന്ന് രാജ്യം ലോക് ഡൗണിലേയ്ക്ക് പോയി. ശിവരാജ് സിംഗ് ചൗഹാന്‍ ബിജെപിയുടെ മുഖ്യമന്ത്രിയായി.

മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ച് വിമത 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പാളയത്തില്‍ എത്തി. മാധവറാവു സിന്ധ്യയുടെ മകന്‍ ജ്യോതിരാദിത്യ സിന്ധ്യയായിരുന്നു വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ചത്. ജ്യോതിരാദിത്യ സിന്ധ്യ രാജ്യസഭാ അംഗമായി. വിമതരില്‍ 14 പേര്‍ക്ക് മന്ത്രി സ്ഥാനം ലഭിക്കുകയും ചെയ്തു. രാജസ്ഥാനില്‍ നടക്കുന്ന അട്ടിമറി ശ്രമത്തിന് അവിടുത്തെ വിമത എംഎല്‍എമാരെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഈയൊരു ചടുല നീക്കം നടത്തിയത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
രാജസ്ഥാന്‍
രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ അശോക് ഗെലോട്ട് മുഖ്യമന്ത്രിയാക്കി. അന്ന് മുതല്‍ കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ ശബ്ദമുയര്‍ത്തിയ വ്യക്തിയാണ് സച്ചിന്‍ പൈലറ്റ്. സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി സ്ഥാനവും, രാജസ്ഥാന്‍ പിസിസി പ്രസിഡണ്ട് സ്ഥാനം നിലനിര്‍ത്തിയുമാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം അനുനയിപ്പിച്ചത്. കോവിഡ് പ്രതിരോധത്തില്‍ ശക്തമായ പ്രവര്‍ത്തനമാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ കാഴ്ചവച്ചത് എന്നുള്ളത് രാജ്യത്താകമാനം സംസാരമാണ്. സച്ചിന്‍ പൈലറ്റ് വിമത ശബ്ദം ഉയര്‍ത്തി പുറത്തുവന്നത് ഇതിനിടയിലാണ്. സച്ചിന്‍ പൈലറ്റിന്‍റെ അടുത്ത സുഹൃത്തായ ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശില്‍ ശബ്ദമുയര്‍ത്തി സര്‍ക്കാരിനെ താഴെ വീഴ്ത്തുകയും ബിജെപി അംഗത്വം എടുക്കുകയും രാജ്യസഭാ അംഗമാകുകയും ചെയ്തത് ഒരു പക്ഷേ സച്ചിനെ സ്വാധീനിച്ചിരിക്കണം.
സച്ചിന്‍ പൈലറ്റിന് ബിജെപി പാളയത്തില്‍ കൊണ്ട് വരുന്നതിന് ജ്യോതിരാദിത്യ സിന്ധ്യ വലിയ ശ്രമം നടത്തിയിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സച്ചിന്‍ പൈലറ്റ് ശബ്ദമുയര്‍ത്തിയതിന് പിന്നാലെ വിമത എംഎല്‍എമാരെ ഹരിയാനയിലെ മാനേശ്വരിലുള്ള ഐടിസിയുടെ പഞ്ചനക്ഷത്ര ഹോട്ടലിലേയ്ക്ക് മാറ്റിയിരുന്നു. ബിജെപി സര്‍ക്കാരിന്‍റെ ഹരിയാന പോലീസാണ് അവിടെ സംരക്ഷണം ഒരുക്കിയിരിക്കുന്നത്. രാജസ്ഥാന്‍ പോലീസിനെ അങ്ങോട്ട് പ്രവേശിപ്പിച്ചിട്ടില്ല. എംഎല്‍എമാരെ മാറ്റിയത് ഏറെ രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 30 എംഎല്‍എമാര്‍ തന്‍റെ കൂടെ ഉണ്ട് എന്ന അവകാശവാദം സച്ചിന്‍ ഉയര്‍ത്തിയിരുന്നു. ഒരു സമയത്ത് രാഷ്ട്രീയ അനിശ്ചിതാവസ്ഥ രാജസ്ഥാനില്‍ ഉണ്ടാക്കാന്‍ ഇത് കാരണമായി.
16 എംഎല്‍എമാരുടെ പിന്തുണ മാത്രമേ സച്ചിന് ഉറപ്പിക്കാന്‍ സാധിച്ചുള്ളൂ എന്നുള്ള തിരിച്ചറിവാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് സമാധാനിക്കാന്‍ വക നല്‍കിയത്. ഇതില്‍ പലരും തിരികെ കോണ്‍ഗ്രസിലേയ്ക്ക് മടങ്ങും എന്നാണ് സൂചന. അങ്ങിനെ സംഭവിച്ചാല്‍ ഗെലോട്ട് തുടരും. മറിച്ചാണെങ്കില്‍ ബിജെപി അധികാരം പിടിച്ചെടുക്കും.
രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജ സിന്ധ്യ വിമത ജാട്ട് വിഭാഗത്തിലുള്ള കോണ്‍ഗ്രസ് എംഎല്‍എമാരോട് ഗെലേട്ടനെ പിന്തുണയ്ക്കാന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. എന്‍ഡിഎയുടെ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിയുടെ പാര്‍ലമെന്‍റ് അംഗം ഹനുമാന്‍ ബിനിവാളാണ് വസുന്ധരയുടെ നീക്കങ്ങള്‍ ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയത്. 2018ലെ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍മ്പ് വസുന്ധര രാജയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായ ഹനുമാന്‍ ബനിവാല്‍ ബിജെപിയില്‍ നിന്ന് രാജി വെച്ചാണ് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിയില്‍ ചേര്‍ന്നത്. വസുന്ധര രാജ സിന്ധ്യയുടെ കടുത്ത വിമര്‍ശകന്‍ കൂടിയാണ് ഇദ്ദേഹം.
മധ്യപ്രദേശിലെ ജോതിരാദിത്യ സിന്ധ്യയല്ല രാജസ്ഥാനിലെ സച്ചിന്‍ പൈലറ്റ്. സച്ചിന്‍റെ ചിറകുകള്‍ അരിഞ്ഞു കളയുക എന്നുള്ള തീരുമാനം ആണ് കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വം എടുത്തത്. ഉപ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജസ്ഥാനിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. സ്വന്തമായി ഒരു പാര്‍ട്ടി ഉണ്ടാക്കും എന്ന് പ്രഖ്യാപിക്കാന്‍ സാധിക്കും. അത് നടപ്പിലാക്കാനുള്ള സാമ്പത്തിക സ്രോതസ്സ് സച്ചിന് ഇല്ല.
രാഷ്ട്രീയ വടം വലി നടക്കുന്ന രാജസ്ഥാനിലെ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ വിശ്വസ്തരുടെ കേന്ദ്രങ്ങളില്‍ ഇതിനിടയില്‍ ഇന്‍കം ടാക്സ് റെയ്ഡുകള്‍ നടന്നിരുന്നു. ഇന്‍കം ടാക്സ് പ്രത്യേക സ്ക്വാഡ് ഗലോട്ടിന്‍റെ അടുത്ത അനുയായി രാജീവ് അറോറയുടെയും, ധര്‍മ്മേന്ദ്ര റത്തോറിന്‍റെയും വീട്ടിലും, ഓഫീസിലും, സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. ഗലോട്ടിന്‍റെ വിശ്വസ്ഥരെ തളര്‍ത്തുക എന്ന ലക്ഷ്യമാണ് ഇത്തരം റെയ്ഡുകള്‍ കൊണ്ട് സാധിക്കുക. ഭാരതീയ ട്രൈബൽ പാർട്ടിയിലെ രണ്ടു എംഎൽഎമാർ ഗെലോട്ടിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതോടുകൂടി ഭൂരിപക്ഷം കൂടുകയാണ്.
ഛത്തിസ്ഖഡ്

ഛത്തിസ്ഖഡില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നേത്യത്വം നല്‍കുന്ന ബൂപേഷ് ബേഗള്‍ സര്‍ക്കാരാണ് ഭരിക്കുന്നത്. ബിജെപിയില്‍ നിന്ന് ഭരണം പിടിച്ചെടക്കുകയായിരുന്നു. രാജസ്ഥാന്‍ കഴിഞ്ഞാല്‍ ബിജെപി പിടി മുറുക്കുക ഛത്തിസ്ഖഡ് ആയിരിക്കും എന്ന സംസാരമുണ്ട്. 25 പുതിയ ബോര്‍ഡുകള്‍ ഉണ്ടാക്കി എല്ലാ അനുകൂല എംഎല്‍എമാര്‍ക്കും ഓരോ ബോര്‍ഡിന്‍റെയും ചെയര്‍മാനാക്കി കാമ്പിനറ്റ് മന്ത്രിയുടെ പദവി നല്‍കിയിരിക്കുകയുമാണ്. സ്വന്തം അനുയായികളേയും, നേതാക്കളേയും, എംഎല്‍എമാരേയും പിടിച്ച് നിര്‍ത്തുന്നതിന് കോണ്‍ഗ്രസ് രാജ്യത്താകമാനം നടപടി തുടങ്ങി കഴിഞ്ഞു.