ഡല്‍ഹി: ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ചൈന വിരുദ്ധ നടപടികളുമായി ഇന്ത്യന്‍ റെയില്‍വേ. ചൈനീസ് കമ്പനിയുമായുളള 471 കോടി രൂപയുടെ കരാര്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കി. ഇന്ത്യയുടെ കിഴക്കന്‍ മേഖലയിലെ ഫ്രെയിറ്റ് കോറിഡോര്‍ സിഗ്നിലിംങ്, ടെലികമ്മ്യൂണിക്കേഷന്‍ എന്നിവയുടെ നിര്‍മ്മാണത്തിന് കരാര്‍ നല്‍കിയിരിക്കുന്ന കമ്പനിയുമായുളള കരാറാണ് റെയില്‍വേ റദ്ദാക്കിയിരിക്കുന്നത്. നിര്‍മ്മാണത്തില്‍ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കാണ്‍പൂരിനും മുഗല്‍സാരായിക്കും ഇടയിലുളള ഇടനാഴിയുടെ 417 കിലോമീറ്റര്‍ ഭാഗത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കാനുളളത്.
14 ദിവസത്തെ മുന്‍കൂര്‍ നോട്ടീസിന് ശേഷമാണ് കരാര്‍ റദ്ദാക്കിക്കൊണ്ടുളള കത്ത് കമ്പനിയ്ക്ക് അയച്ചത്. 2016 ലാണ് 471 കോടി രൂപയുടെ കരാര്‍ ബീജിംഗ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് അന്റ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്വന്തമാക്കിയത്. നിര്‍മ്മാണത്തില്‍ കാലതാമസം നേരിടുന്നതിനെപ്പറ്റി അധികൃതര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2019ന്റെ തുടക്കത്തില്‍ 20 ശതമാനം നിര്‍മ്മാണമേ കമ്പനിയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നുളളു. കരാര്‍ അടിസ്ഥാനത്തില്‍ കമ്പനിയ്ക്ക് കൃത്യസമയം പാലിക്കാന്‍ സാധിച്ചില്ലെന്നും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. കരാര്‍ അവസാനിപ്പിക്കുന്ന വിവരം ലോകബാങ്കിനെയും ഇന്ത്യ അറിയിച്ചുട്ടുണ്ട്. ഗല്‍വാന്‍ താഴ്‌വരയിലെ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇന്ത്യയും ചൈനയുമായുളള ബന്ധം വഷളായിരുന്നു. ചൈനീസ് ആപ്പുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തി. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ റെയില്‍വേ കരാര്‍ റദ്ദാക്കിയിരിക്കുന്നത്.




















