തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സിപിഐഎം സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന്റേത് ധീരമായ നടപടിയാണ്. എന്‍ഐഐ അന്വേഷണം കേസിന് കൂടുതല്‍ ഗൗരവപരമായ മാനം നല്‍കി. ഈ വിഷയത്തില്‍ സര്‍ക്കാരിനും സിപിഐഎമ്മിനും ഒന്നും മറച്ചുവെക്കാനില്ലെന്ന് കോടിയേരി പറഞ്ഞു.
സംഭവത്തില്‍ സര്‍ക്കാരിനെതിരെ ചിലര്‍ ഗൂഢാലോചന നടത്തുന്നുണ്ട്. കേസ് മുഖ്യമന്ത്രിയിലേക്ക് തിരിക്കാന്‍ പ്രതിപക്ഷത്തിന്റെ ആസൂത്രിത ശ്രമമുണ്ട്. മുഖ്യമന്ത്രിയെ കരുവാക്കാന്‍ പ്രതിപക്ഷം ശ്രമിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷത്തിന്റേത് നിസഹകരണ മനോഭാവമാണ്. സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ജനങ്ങള്‍ തള്ളിക്കളയും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഓഗസ്റ്റ് ആദ്യവാരത്തില്‍ ഗൃഹസന്ദര്‍ശനം നടത്തും. വ്യാജപ്രചാരണങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം. മുഖ്യമന്ത്രിക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയെന്ന് കോടിയേരി പറഞ്ഞു.
ആരെയും സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സര്‍ക്കാര്‍ പ്രവൃത്തിയിലൂടെ തെളിയിച്ചു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ എം ശിവശങ്കറിനെ തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തി. എം ശിവശങ്കറിന്റെ പങ്കിനെക്കുറിച്ച് ഒരു ഏജന്‍സിയും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. എന്നിട്ടും സര്‍ക്കാര്‍ നടപടിയെടുത്തു. മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നത് മന്ത്രിമാര്‍ക്കെതിരെയാണ്. മുഖ്യമന്ത്രിക്കെതിരെ ഒരു ആരോപണങ്ങളും ഉയര്‍ന്നിട്ടില്ലെന്ന് കോടിയേരി പറഞ്ഞു.
തെറ്റ് ചെയ്‌തെങ്കില്‍ വമ്പന്‍മാര്‍ കുടുങ്ങട്ടെയെന്ന ധീരമായ നിലപാട് മുഖ്യമന്ത്രി എടുത്തു. സര്‍ക്കാരിന്റെ നടപടി മാതൃകാപരമാണ്. എന്നാല്‍, വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ പ്രചാരണം തുടരുന്നു. കേരള സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ബിജെപി കേന്ദ്ര നേതാവ് പ്രഖ്യാപിച്ചു. അക്രമ സ്വഭാവമുള്ള ബിജെപിയുടെ സമരത്തിന് കോണ്‍ഗ്രസും മുസ്ലീം ലീഗും പിന്തുണ നല്‍കുന്നു. സ്വര്‍ണം വിട്ടുകിട്ടാനായി വിളിച്ചത് ബിഎംഎസ് നേതാവാണ്. കേരളത്തിലെത്തിയ സ്വര്‍ണത്തിന് നിറം ചുവപ്പല്ല, കാവിയും പച്ചയുമാണെന്ന് കോടിയേരി പറഞ്ഞു.