ന്യൂഡല്‍ഹി: തിരുപ്പതി ക്ഷേത്രം അടയ്ക്കില്ലെന്ന് ക്ഷേത്രം അധികൃതര്‍. ക്ഷേത്രത്തിലെ 15 പൂജാരിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്ഷേത്രം അടച്ചുപൂട്ടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഭക്തര്‍ക്ക് കോവിഡ് സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ ക്ഷേത്രം അടയ്‌ക്കേണ്ടതില്ലെന്ന് തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റിന്‍റെ അടിയന്തര യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.
മുതിര്‍ന്ന പൂജാരിമാരെ ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് ചെയര്‍മാന്‍ വൈ വി സുബ്ബ റെഡ്ഡി പറഞ്ഞു. പൂജാരിമാര്‍ക്കും ക്ഷേത്രത്തിലെ ജീവനക്കാര്‍ക്കും പ്രത്യേകം താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനായി പ്രത്യേക സൗകര്യം ഏര്‍പ്പാടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ ട്രസ്റ്റിലെ 91 അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ ഭൂരിഭാഗവും പോലീസ് ഉദ്യോഗസ്ഥരാണ്. ഇവരില്‍ ഒരാള്‍ക്ക് മാത്രമാണ് ഗുരുതര രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതോടെ ജൂണ്‍ പതിനൊന്നിനാണ് ക്ഷേത്രം തുറന്നത്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 70 പേര്‍ രോഗവിമുക്തരായതായും ടിടിഡി ചെയര്‍മാന്‍ പറഞ്ഞു.




















