കൊല്‍ക്കത്ത: കോടതിയില്‍ മൈ ലോര്‍ഡ്, ലോര്‍ഡ്ഷിപ്പ് എന്നീ വാക്കുകള്‍ വേണ്ടെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ഈ വാക്കുകള്‍ക്ക് പകരം സര്‍ എന്ന് വിളിച്ചാല്‍ മതിയെന്ന് ഹൈക്കോടതിക്ക് കീഴിലുള്ള കോടതികള്‍ക്ക് ചീഫ് ജസ്റ്റിസ് ടി.ബി.എന്‍ രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കി.
ഹൈക്കോടതിക്ക് കീഴില്‍ വരുന്ന കോടതികള്‍ക്ക് ചീഫ് ജസ്റ്റിസ് ഇതുസംബന്ധിച്ച കത്ത് അയച്ചതായാണ് പ്രമുഖ ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ബ്രിട്ടീഷ് രാജ് കാലഘട്ടം മുതല്‍ തുടര്‍ന്നു വരുന്ന സമ്പ്രദായത്തിനാണ് ചീഫ് ജസ്റ്റിസ് മാറ്റം വരുത്തുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ജില്ലാ കോടതികളും ഹൈക്കോടതി രജിസ്ട്രികളും ഇനിമുതല്‍ സര്‍ ഉപയോഗിച്ചാല്‍ മതിയെന്നാണ് ചീഫ് ജസ്റ്റിസിന്‍റെ കത്ത് വ്യക്തമാക്കുന്നത്. കൊല്‍ക്കത്ത ഹൈക്കോടതിക്ക് കീഴില്‍ വരുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും നിര്‍ദേശം ബാധകമാണ്.
ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അടുത്തിടെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റിയ ജസ്റ്റിസ് എന്‍ മുരളീധര്‍, അദ്ദേഹത്തെ അഭിസംബോധന ചെയ്യുമ്പോള്‍ മൈ ലോര്‍ഡ്, ലോര്‍ഡ്ഷിപ്പ് തുടങ്ങിയ പദങ്ങള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.











