ശ്രീനഗര്‍: ഇന്ത്യ-ചൈന സംഘര്‍ഷ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താനായി പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ലഡാക്കിലെത്തി സൈനികരുമായി കൂടിക്കാഴ്ച നടത്തി.ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) അഥവാ സംയുക്ത സേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി ജനറല്‍ എം എം നരവനെ എന്നിവര്‍ രാജ്‌നാഥ് സിംഗിനൊപ്പമുണ്ടായിരുന്നു.
ലഡാക്കില്‍ എത്തിയ രാജ്‌നാഥ് സിംഗ് സ്റ്റക്‌ന മേഖലയിലെ സൈനികരുടെ പാരാഡ്രോപ്പിംഗ് പ്രകടനങ്ങള്‍ വീക്ഷിച്ചു. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് അദ്ദേഹം അറിയിച്ചു. മേഖലയില്‍ വിന്യസിച്ചിരുന്ന സൈനികരുമായി ആശയവിനിമയം നടത്തുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. നാളെ അദ്ദേഹം ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും. അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിന്‍റെ ഭാഗമാണ് സന്ദര്‍ശനം.
കിഴക്കന്‍ ലഡാക്കില്‍ സൈനിക പിരിച്ചുവിടലിനെക്കുറിച്ച് ഇരുപക്ഷവും നാലാം റൗണ്ട് ചര്‍ച്ച നടത്തിയിരുന്നു. കമാന്‍ഡര്‍മാര്‍ തമ്മിലുള്ള ചര്‍ച്ച 15 മണിക്കൂര്‍ ഓളം നീണ്ടുനിന്നിരുന്നു. ചര്‍ച്ചയില്‍ നിയന്ത്രണ രേഖയില്‍ നിന്ന് ഇരു സൈന്യങ്ങളും പിന്‍മാറ്റത്തിന് ധാരണയിലെത്തിയിരുന്നു. നാലാം റൗണ്ട് ചര്‍ച്ചയില്‍ ഫിംഗര്‍ മേഖല സംബന്ധിച്ചും പാങ് ഗോങ് സോ സംഢന്ധിച്ചും ഡെപ്‌സാങ് സമതല മേഖല്‍ സംബന്ധിച്ചുമാണ് പ്രധാനമായും ഇരു സൈന്യങ്ങളും ചര്‍ച്ച ചെയ്തത്.
ജൂലൈ ആദ്യം സിംഗ് ലഡാക്ക് സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ പര്യടനം മാറ്റിവെച്ചിരുന്നു.











