പാറ്റ്‌ന: ബീഹാറില്‍ 260 കോടി ചെലവിട്ട് നിര്‍മിച്ച പാലം 29 ദിവസങ്ങള്‍ക്ക് ശേഷം തകര്‍ന്നു. ബീഹാറിലെ ഗോപാല്‍ ഗജ്ഞയിലെ ഗണ്ഡക് നദിക്കു കുറുകെ നിര്‍മ്മിച്ച പാലമാണ് ഇന്നലെ ഉണ്ടായ ശക്തമായ മഴയില്‍ തകര്‍ന്നു വീണത്. മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലം ഉദ്ഘാടനം ചെയ്തത്. നദിയിലെ ജലനിരപ്പ് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പാലത്തിന്‍റെ ഒരു ഭാഗം തകരുകയാണുണ്ടായത്. നദിയിലെ ജലനിരപ്പ് വര്‍ധിച്ചപ്പോള്‍ പാലവുമായി റോഡിനെ ബന്ധിപ്പിക്കുന്ന കലങ്കുകള്‍ക്ക് സമ്മര്‍ദ്ദം നേരിടാന്‍ കഴിയാതെ വന്നതാണ് പാലം തകരാന്‍ കാരണം എന്ന പ്രാഥമിക നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍.
#WATCH: Portion of Sattarghat Bridge on Gandak River that was inaugurated by CM Nitish Kumar last month in Gopalganj collapsed yesterday, after water flow increased in the river due to heavy rainfall. #Bihar pic.twitter.com/cndClJHIAa
— ANI (@ANI) July 16, 2020
സംഭവത്തെ തുടര്‍ന്ന് പാലം നിര്‍മ്മാണത്തില്‍ അഴിമതിയുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ജൂണ്‍ 16 നാണ് 1.4 കിലോമീറ്റര്‍ നീളമുളള പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. എട്ട് വര്‍ഷം മുന്‍പ് ബീഹാര്‍ രാജ്യ പുള്‍ നിര്‍മ്മാന്‍ ലിമിറ്റഡാണ് പാലത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിര്‍മാണ കമ്പനിയിലെ എഞ്ചിനീയര്‍മാരുടെ സംഘവും സ്ഥലത്തെത്തി സന്ദര്‍ശനം നടത്തിയിരുന്നു.



















